![](https://www.nrimalayalee.com/wp-content/uploads/2021/09/Qatar-Airways-FIFA-World-Cup-Special-Packages.jpg)
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ ലോകകപ്പിലേയ്ക്ക് ഒരു വര്‍ഷം മാത്രം ശേഷിക്കെ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് മത്സര ടിക്കറ്റുകള്‍ ഉള്‍പ്പെടെ ആകര്‍ഷകമായ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഏഴു യാത്രാ പാക്കേജുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സര ടിക്കറ്റുകള്‍, അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാന ടിക്കറ്റുകള്‍, താമസ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിലൂടെ കാണികള്‍ക്ക് തങ്ങളുടെ ഇഷ്ടടീമിനെ പിന്തുണക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പാക്കേജില്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്ഫറും ഖത്തറിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഉള്‍പ്പെടെ അനുബന്ധ സേവനങ്ങളും തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. പാക്കേജ് ലഭിക്കണമെങ്കില്‍ ആദ്യം ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലേജ് ക്ലബ്ബില്‍ അംഗമാകണമെന്നു മാത്രം.
നിലവില്‍ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഇന്ത്യ, ഇന്തോനീഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, മലേഷ്യ, നെതര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, റൊമാനിയ, സ്‌പെയിന്‍, സ്വീഡന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പാക്കേജ് ലഭിക്കുക. കൂടുതല്‍ രാജ്യങ്ങളെ വരും മാസങ്ങളില്‍ പാക്കേജില്‍ ഉള്‍പ്പെടുത്തും.
പ്രിവിലേജ് ക്ലബില്‍ അംഗമാകുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാന്‍ സാധ്യതയുളള ഇഷ്ടടീമിന്റെ മത്സരം കാണാനുള്ള പാക്കേജ് തിരഞ്ഞെടുക്കാം. ഏതു പാക്കേജ് എടുക്കുന്നു എന്നതനുസരിച്ചാണ് മത്സര ടിക്കറ്റ് ലഭിക്കുക. ഒന്നിലധികം പാക്കേജുകള്‍ കൂട്ടിയിണക്കി ഏഴു മത്സരങ്ങള്‍ വരെ കാണാനുള്ള അവസരവുമുണ്ട്.
നിലവില്‍ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കാണികള്‍ പാക്കേജില്‍ തിരഞ്ഞെടുക്കുന്ന ടീമിന് ലോകകപ്പ് യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ബുക്കിങ്ങില്‍ മാറ്റം വരുത്താം. ഒരേ ഗ്രൂപ്പില്‍ നിന്നോ അല്ലെങ്കില്‍ നോക്കൗട്ടില്‍ നിന്നോ നിലവിലുള്ള ടീമുകളിലൊന്നിന്റെ മത്സരടിക്കറ്റാണ് ലഭിക്കുക (ലഭ്യത അനുസരിച്ച്). അല്ലെങ്കില്‍ മുഴുവന്‍ തുക റീഫണ്ടും ലഭിക്കും.
കാണികള്‍ക്കു തങ്ങളുടെ പോക്കറ്റനുസരിച്ച് അനുയോജ്യമായ താമസ സൗകര്യം തിരഞ്ഞെടുക്കാം. പാക്കേജ് എടുക്കുന്ന വ്യക്തി എത്ര പേര്‍ ഒപ്പമുണ്ട്, എത്ര മുറികള്‍ വേണം എന്നിവ വ്യക്തമാക്കിയിരിക്കണം. 3,800 ഡോളര്‍ മുതലാണ് പാക്കേജിന്റെ നിരക്ക്. പാക്കേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.qatarairways.com/app/fifa2022/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല