സ്വന്തം ലേഖകൻ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജപ്പാനിലെ രാജകുമാരി മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു. ഈ മാസം 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. രാജകുടുംബമാണ് വിവരം അറിയിച്ചത്. വിവാഹത്തിനുശേഷം ഇരുവരും യു.എസിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിലെ അകിഷിതോ രാജകുമാരെൻറ മൂത്ത മകളാണ് 29കാരിയായ മാകോ. നരുഹിതോ രാജാവിെൻറ അനന്തരവളും.
നിയമമേഖലയുമായി ബന്ധപ്പെട്ട് യു.എസിൽ ജോലി ചെയ്യുകയാണ് സാധാരണക്കാരനായ കൊമുറോ. 2017ലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ടോക്യോയിലെ ഇൻറർനാഷനൽ ക്രിസ്ത്യൻ കോളജിലെ സഹപാഠികളായിരുന്നു ഇരുവരും. രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്ടപ്പെടും. അതിനാൽ വിവാഹത്തോടെ മാകോയും സാധാരണക്കാരിയാകും.
എന്നാൽ, പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല. രാജകുടുംബത്തിലെ എതിർപ്പാണ് വിവാഹം വൈകാൻ കാരണം. അതിനിടെ കൊമുറോ ഉന്നതപഠനത്തിനായി യു.എസിലേക്കു പോയി. ആചാരപ്രകാരം ലഭിക്കേണ്ട 12 ലക്ഷം ഡോളർ വേണ്ടെന്നുവെച്ചാണ് മാകോ വിവാഹം കഴിക്കുന്നത്. വിവാഹം ലളിതമാക്കാനാണ് ഇരുവരുടെയും തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല