![](https://www.nrimalayalee.com/wp-content/uploads/2021/10/Farmer-Protest-Uttar-Pradesh-Ajay-Kumar-Mishra.jpg)
സ്വന്തം ലേഖകൻ: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം, കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഷ്ട്രീയ നേതാക്കളെ യു.പി പൊലീസ് തടയുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രയങ്ക ഗാന്ധിയേയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനേയും പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം പ്രദേശത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ തടയുമെന്ന് യു.പി പൊലീസ് വ്യക്തമാക്കി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി, പഞ്ചാബ് ഉപമുഖ്യമന്ത്രി എന്നിവരെ തടയാനാണ് യു.പി സര്‍ക്കാരിന്റെ നീക്കം. ലഖ്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഇവരെ അനുവദിക്കില്ല.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും കഴിഞ്ഞ ദിവസം രാത്രി ലഖ്നൗവില്‍ എത്തിയ പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നേരത്തെ ലഖിംപൂരിലേക്ക് യാത്ര തിരിച്ച പ്രിയങ്കയുടെ വാഹനം പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ താന്‍ നടന്നുപോകുമെന്ന് പ്രഖ്യാപിച്ചതോടെ വാഹനം കടത്തിവിടാന്‍ പൊലീസ് അനുവദിച്ചു. ഇതിനിടെ പ്രിയങ്ക ലഖിംപൂരിലെത്തിയെന്ന് എ.ഐ.സി.സി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രിനിവാസ് ബി.വി ട്വിറ്ററിലൂടെ പറഞ്ഞു.
പ്രിയങ്കയെ അറസ്റ്റ് ചെയ്തെന്ന് യു.പി കോണ്‍ഗ്രസ് ഘടകവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. ബി.എസ്.പി നേതാക്കളെയും ലഖിംപുര്‍ ഖേരിയിലേക്ക് പോകുന്നതില്‍ നിന്ന് യു.പി പൊലീസ് തടഞ്ഞിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും കസ്റ്റഡിയിലാണ്.
കര്‍ഷകരുടെ കൊലപാതകത്തില്‍ പ്രതിഷേിച്ച് അഖിലേന്ത്യ കിസാന്‍ സഭ യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കിസാന്‍ സഭ നേതാവ് പി.കൃഷ്ണപ്രസാദിനെ മര്‍ദിച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. വാഹനത്തില്‍ നിന്ന് വീണ കൃഷ്ണപ്രസാദിന് നേരെ വീണ്ടും പൊലീസ് ബലം പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറികടന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്.
അതേസമയം കര്‍ഷകരുടെ വാദം തള്ളി അജയ് മിശ്ര രംഗത്ത് എത്തിയിരുന്നു. തന്റെ മകന് അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും മകനല്ല വണ്ടി ഓടിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും അജയ് മിശ്ര പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല