സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള മുന്നൂറിലധികം പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പന്‍ഡോറ പേപ്പറുകള്‍. സ്വന്തം രാജ്യങ്ങളില്‍ നിന്ന് നികുതി വെട്ടിച്ച് മറ്റ് രാജ്യങ്ങളില്‍ നിക്ഷേപിക്കുകയും അവിടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തതായാണ് പന്‍ഡോറ റിപ്പോര്‍ട്ട് പറയുന്നത്.
രാഷ്ട്രീയം, സ്പോര്‍ട്സ്, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരുടെ സ്വത്ത് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുടെ അനധികൃത സ്വത്ത് വിവരങ്ങളും വിദേശങ്ങളിലെ ആഡംബര ഭവനങ്ങളും ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും ഇതിലുള്‍പ്പെടും.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മൊണാക്കൊയില്‍ രഹസ്യ സ്വത്തുവകകള്‍ ഉണ്ടെന്നാണ് പന്‍ഡോറ റിപ്പോര്‍ട്ട് പറയുന്നത്. മുന്‍പും പലതവണ പുടിന് വിവിധയിടങ്ങളില്‍ രഹസ്യ സ്വത്തുക്കളും കൊട്ടാരങ്ങളും ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ചോര്‍ത്തപ്പെട്ട രേഖകള്‍ അനുസരിച്ച് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് അമേരിക്കയിലും ബ്രിട്ടനിലുമായി 100 മില്യണിലധികം വിലമതിക്കുന്ന സ്വത്തുക്കളും ആഡംബര ഭവനങ്ങളുമുണ്ട്. 1999ല്‍ അധകാരമേറ്റതിന് ശേഷം ഇത്തരം ഇടപാടുകള്‍ നടത്തിയതായാണ് പറയുന്നത്. കാലിഫോര്‍ണിയയിലെ മാലിബുവില്‍ സ്വത്തുക്കളുള്ളതായും പറയുന്നു.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യയും ചേര്‍ന്ന് 3,12,00 പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടി വെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ലണ്ടനില്‍ ഓഫീസ് തുടങ്ങിയ സമയത്താണ് ഈ നികുതി വെട്ടിപ്പ് നടത്തിയത്. ഇവര്‍ക്ക് പുറമേ ഉക്രെയ്ന്, കെനിയ, ഇക്വഡോര്‍ പ്രസിഡന്റുമാര്‍, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി എന്നിവരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമങ്ങള്‍ താരതമ്യേന ദുര്‍ബലവും നികുതി സംവിധാനങ്ങളില്‍ ഇളവുകളുമുള്ള രാജ്യങ്ങളില്‍ സ്വകാര്യ ട്രസ്റ്റുകളും കമ്പനികളും സ്ഥാപിച്ച് ഇവര്‍ സ്വത്ത് നിക്ഷേപം നടത്തിയെന്നാണ് രേഖകള്‍. ഇന്ത്യയില്‍ നിന്നും സച്ചിന് ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി എന്നിവരുടെ പേരുകളും പട്ടികയിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുന്‍പ് പനാമ പേപ്പര്‍സ്, പാരഡൈസ് പേപ്പര്‍സ്, ലക്സ്ലീക്സ് എന്നിവയും ഇതുപോലെ വിവിധ നേതാക്കളുടേയും മറ്റും കള്ളപ്പണ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു.
150 രാജ്യങ്ങളിലായി നടത്തിയ അന്വേഷത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 140ലധികം മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് വാഷിങ്ടണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ് ആണ് വിവരം പുറത്ത് വിട്ടത്. 650ലധികം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണത്തിന്റെ ഭാഗമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല