വന്‍കിട താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ഉപയോഗത്തിനുള്ള നിയന്ത്രണം അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ലിമിറ്റഡിന് 1.20 ലക്ഷം കോടി രൂപയുടെ അനര്‍ഹ നേട്ടമുണ്ടാക്കിക്കൊടുത്തെന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. രാജ്യത്തു വന്‍ ഊര്‍ജ പ്രതിസന്ധിയുണ്ടായതിന് ഇതും കാരണമായെന്ന് ഊര്‍ജ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഊര്‍ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ധനമന്ത്രി പ്രണബ് മുഖര്‍ജിയും നേതൃത്വം നല്‍കിയ മന്ത്രിസഭാ ഉപസമിതികളാണു റിലയന്‍സിനു വേണ്ടി തീരുമാനം മാറ്റിമറിച്ചത്. എന്നാല്‍, ഇതു സിഎജിയുടെ ഇടക്കാല റിപ്പോര്‍ട്ട് അല്ലെന്ന് ഊര്‍ജ സെക്രട്ടറി പി. ഉമാശങ്കര്‍. സിഎജി ചില സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവയ്ക്കു വിശദീകരണം നല്‍കുമെന്നും ഉമാശങ്കര്‍. സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് ഊര്‍ജ മന്ത്രാലയവും റിലയന്‍സ് പവറും.
കൃഷ്ണ- ഗോദാവരി തടത്തിലെ വാതക പര്യവേക്ഷണ ക്രമക്കേടുണ്ടാക്കിയ ഭൂകമ്പത്തില്‍ നിന്നു സര്‍ക്കാര്‍ തലയൂരും മുന്‍പാണ് മറ്റൊരു വഴിവിട്ട ഇടപാട് കൂടി പുറത്താകുന്നത്. മധ്യപ്രദേശിലെ സാസന്‍, ഝാര്‍ഖണ്ഡിലെ തിലയ്യ അള്‍ട്രാ മെഗാ വൈദ്യുതി പദ്ധതികളുടെ പേരിലാണു ക്രമക്കേട്. ഇത്തരം വന്‍കിട പദ്ധതികള്‍ക്കു കല്‍ക്കരി അനുവദിക്കുമ്പോള്‍ അധികമായി ഒരു ബ്ലോക്ക് കൂടി കരാറുകാര്‍ക്കു ലഭിക്കും. ഇവിടെ നിന്നുള്ള കല്‍ക്കരി അതതു പദ്ധതികള്‍ക്കു മാത്രമേ കരാറുകാര്‍ ഉപയോഗിക്കാവൂ എന്നാണു കല്‍ക്കരി ലൈസന്‍സ് ചട്ടം. അധികമായി ഖനനം ചെയ്യുന്നത് സര്‍ക്കാര്‍ ഇടപെട്ട് മറ്റു പദ്ധതികള്‍ക്കു നല്‍കേണ്ടതാണ്.
2008ല്‍ സാസനില്‍ റിലയന്‍സിനു പദ്ധതി അനുവദിച്ചതിനു പിന്നാലെ ഷിന്‍ഡെ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഈ നിബന്ധന നീക്കി. ഇതോടെ, അധികമുള്ള കല്‍ക്കരി കരാറുകാരുടെ മറ്റു പദ്ധതികളില്‍ ഉപയോഗിക്കാമെന്നായി.
മധ്യപ്രദേശിലെ ചിത്രാംഗിയില്‍ താപവൈദ്യുതി നിലയമുള്ള റിലയന്‍സിന് 25 വര്‍ഷത്തേക്കു 42,009 കോടിയുടെ കല്‍ക്കരിയാണ് അധികമായി ലഭിക്കുന്നത്. പ്രണബ് മുഖര്‍ജി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഈ നിബന്ധന തിലയ്യ പദ്ധതിക്കും ബാധകമാക്കിയപ്പോള്‍ സര്‍ക്കാരിന് 78,078 കോടി രൂപ കൂടി നഷ്ടം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടെ ആവശ്യമുള്ളതിലധികം കല്‍ക്കരി ഖനനം ചെയ്യാന്‍ തങ്ങള്‍ക്കു ശേഷിയുണ്ട് എന്നു ചൂണ്ടിക്കാട്ടി റിലയന്‍സ് നല്‍കിയ കത്തു മാത്രം അടിസ്ഥാനമാക്കിയാണു സര്‍ക്കാര്‍ ലൈസന്‍സ് ചട്ടങ്ങള്‍ ഇളവുചെയ്തത്. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം സര്‍ക്കാരിന്‍റെ പരിഗണനയില്‍പ്പോലും വന്നില്ല.
കല്‍ക്കരിക്കു പൊതുമേഖലാ സ്ഥാപനം കോള്‍ ഇന്ത്യ നിശ്ചയിച്ച വിപണി വിലയും ഖനിയില്‍ നിന്ന് അധിക കല്‍ക്കരി എടുക്കുന്നതിന്‍റെ ചെലവും വിലയിരുത്തിയാണു നഷ്ടം കണക്കാക്കിയിരിക്കുന്നത്. നിയമസാധുത പരിശോധിക്കാതെയാണു സര്‍ക്കാര്‍ തീരുമാനം മാറ്റിമറിച്ചതെന്നും മന്ത്രിസഭാ ഉപസമിതി തീരുമാനം ഉപയോക്താക്കള്‍ക്ക് ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി. ഇക്കാര്യം പുനഃപരിശോധിക്കാനും സര്‍ക്കാര്‍ ഓഡിറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല