സ്വന്തം ലേഖകൻ: സൗദിയില്‍ റെസ്റ്റാറന്റുകള്‍, കഫേകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ മേഖലകളില്‍ സ്വദേശിവല്‍കരണ നിയമം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് മാനവവിഭവശേഷി മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വദേശിവത്കരണ തീരുമാനം നടപ്പിലാക്കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച കാലാവധി ഒക്ടോബര്‍ രണ്ടോടെ അവസാനിച്ചതായി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
മാളുകള്‍ക്കും ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്കും അകത്ത് പ്രവര്‍ത്തിക്കുന്ന റെസ്റ്റാറന്റുകള്‍, ഫാസ്റ്റ് ഫുഡ് ഷോപ്പുകള്‍, ജൂസ് കടകള്‍ എന്നിവയില്‍ ആകെ ജീവനക്കാരുടെ 40 ശതമാനവും സൗദികളായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ മാളുകള്‍ക്കും ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്കും പുറത്താണെങ്കില്‍ സൗദി ജീവനക്കാര്‍ 20 ശതമാനം ഉണ്ടായാല്‍ മതി. ഒരു ഷിഫ്റ്റില്‍ നാലില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാവുക.
അതേസമയം, ഫാക്ടറികള്‍, ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കാന്റീനുകളിലും കഫ്റ്റീരിയകളിലും സ്വദേശിവല്‍ക്കരണം ബാധകമല്ല. ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോട്ടല്‍ വില്ലകള്‍ എന്നിവയ്ക്കുള്ളിലെ റെസ്റ്റാറന്റുകള്‍, കഫേകള്‍ എന്നിവയെയും സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശീതീകരിച്ച വസ്തുക്കള്‍, ഐസ്‌ക്രീം, ജ്യൂസുകള്‍ എന്നിവ വില്‍ക്കുന്ന കൂള്‍ ബാറുകള്‍ കഫേകള്‍ എന്നിവിടങ്ങളില്‍ സൗദി ജീവനക്കാര്‍ 30 ശതമാനം വേണം. അതായത് പത്ത് ജീവനക്കാരില്‍ മൂന്ന് പേര്‍ സൗദികളായിരിക്കണം. അതേസമയം, മാളുകളിലും വാണിജ്യ കേന്ദ്രങ്ങള്‍ക്കും അകത്താണ് സ്ഥാപനമെങ്കില്‍ 50 ശതമാനമാണ് സൗദിവല്‍ക്കരണത്തിന്റെ തോത്. അതായത് ആകെ ജീവനക്കാരുടെ പകുതിയും സൗദികളായിരിക്കണം. ഒരു ഷിഫ്റ്റില്‍ രണ്ടോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. ഐസ്‌ക്രീം, പാനീയങ്ങള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന വാഹനങ്ങളിലെ തൊഴിലാളികളെല്ലാം സ്വദേശികളായിരിക്കണം.
റെസ്റ്റാറന്റുകള്‍, ഫാസ്റ്റ് ഫുഡ് ഷോപ്പുകള്‍, ജൂസ് കടകള്‍ എന്നിവിടങ്ങളില്‍ എല്ലാ തൊഴിലുകളിലും സൗദികളെ നിയോഗിക്കേണ്ടതില്ല. ക്ലീനിംഗ്, ലോഡിംഗ്, അണ്‍ലോഡിംഗ് എന്നീ തൊഴില്‍ മേഖലകളെയാണ് സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, ആകെ ജീവനക്കാരുടെ 20 ശതമാനത്തില്‍ കൂടുതല്‍ പേര്‍ ഈ തൊഴില്‍ മേഖലകളില്‍ ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
ഇവര്‍ ജോലിയുമായി ബന്ധപ്പെട്ട പ്രത്യേക യൂണിഫോം ധരിച്ചിരിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. യൂണിഫോമില്‍ ജോലിയും കാണിച്ചിരിക്കണം. കഫ്റ്റീരിയ, ഫുഡ് പ്രോസസ്സിംഗ്, കാറ്ററിംഗ് കോണ്‍ട്രാക്ടര്‍മാര്‍, കാറ്ററിംഗ് ഓപ്പറേറ്റര്‍മാര്‍ എന്നിവയിലും സ്വദേശിവത്കരമം ബാധകമല്ല.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആദ്യഘട്ടത്തില്‍ കസ്റ്റമര്‍ അക്കൗണ്ടന്റ്, അക്കൗണ്ടിംഗ് സൂപര്‍വൈസര്‍, കസ്മറ്റര്‍ സര്‍വീസ്, കസ്റ്റമര്‍ റിലേഷന്‍സ് എന്നീ തസ്തികകളിലെ മുഴുവന്‍ പേരും ഇനി മുതല്‍ സൗദികളായിരിക്കണം. സെക്ഷന്‍ സൂപ്പര്‍വൈസര്‍ ജോലിയില്‍ 50 ശതമാനം സ്വദേശികളെ നിയമിച്ചാല്‍ മതി. ആറ് മാസത്തിനു ശേഷം ആരംഭിക്കുന്ന അടുത്ത ഘട്ടത്തില്‍ സെയില്‍സ് സൂപ്പര്‍വൈസര്‍ ജോലികള്‍ മുഴുവനും സ്വദേശികള്‍ക്ക് മാത്രമാകും.
മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ എന്നീ ജോലികളില്‍ 50 ശതമാനം സൗദികളായിരിക്കണം. 300 ചതുരശ്ര മീറ്റര്‍ മുതല്‍ വലിപ്പമുള്ള എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും 500 ചതുരശ്ര മീറ്ററോ അതില്‍ അധികമോ വിസ്താരമുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റുകളും ഈ നിയമം ബാധകമാണ്.
റെസ്റ്റൊറന്റുകള്‍, കഫേകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളിലെ സ്വദേശിവല്‍ക്കരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് മലയാളികളായ പ്രവാസികളെയാണ്. കാരണം സൗദിയിലെ കഫേകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ കൂടുതലും ജോലി ചെയ്യുന്നത് മലയാളികളാണ്. എന്നു മാത്രമല്ല, അവയില്‍ ഭൂരിഭാഗത്തിന്റെ ഉടമകളും മലയാളികളാണ്. സൗദികളെ ജോലിക്ക് വയ്ക്കുന്നതോടെ അവര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കേണ്ടിവരുമെന്നുള്ളതും വലിയ വെല്ലുവിളിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല