1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2021

സ്വന്തം ലേഖകൻ: മകൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർ ഷാരൂഖ് ഖാന് പിന്തുണയുമായെത്തി. വിവരമറിഞ്ഞ് നടൻ സൽമാൻ ഖാൻ അദ്ദേഹത്തിന്റെ വീടായ ‘മന്നത്തി’ൽ ഞായറാഴ്ചതന്നെ എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ ആമിർഖാൻ, സുനിൽ ഷെട്ടി എന്നിവരും ആര്യന് അനുകൂലമായി പ്രതികരിച്ചു.

ഷാരൂഖ് ഖാൻ ‘പത്താൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്പെയിനിലാണ്. കുട്ടികളുടെ കാര്യത്തിൽ ഇത്ര പെട്ടെന്ന് ഒരു വിധിയെഴുതുന്നത് നല്ലതല്ലെന്നും താൻ ഷാരൂഖിനൊപ്പമുണ്ടെന്നുമാണ് സിനിമാ നിർമാതാവ് ഹൻസൽ മെഹ്ത ട്വിറ്ററിൽ കുറിച്ചത്. ഈ ഘട്ടവും കടന്നുപോകുമെന്നും ഞാൻ ഷാരൂഖിനൊപ്പം ഉണ്ടെന്നുമാണ് പൂജാ ഭട്ട് കുറിച്ചത്.

നടി സുചിത്രാ കൃഷ്ണമൂർത്തിയും സാമൂഹിക മാധ്യമത്തിലൂടെ തന്റെ പിന്തുണ അറിയിച്ചു. അറസ്റ്റ് വിവരമറിഞ്ഞ് ഷരൂഖിന്റെ ആരാധകർ ബാന്ദ്രയിലെ വസതിക്കുമുന്നിൽ തടച്ചുകൂടിയിരുന്നു.

അതിനിടെ ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരെ കോടതി ഒക്ടോബര്‍ ഏഴുവരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ആര്യന്‍ ഖാനെ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍.സി.ബി. കോടതിയില്‍ ആവശ്യപ്പെട്ടു.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങാണ് എന്‍.സി.ബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ആര്യന്റെ ഫോണില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍സിബി പറയുന്നത്. കോഡ് ഭാഷയിലാണ് പ്രതികള്‍ ചാറ്റ് ചെയ്തിരുന്നതെന്നും അനില്‍ സിങ്ങ് കോടതിയില്‍ പറഞ്ഞു. അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്. തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കപ്പലിലെ മറ്റുള്ളവരില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിന്‍ഡെ പറഞ്ഞു.

അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ചില വാട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകള്‍ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കി. കപ്പലില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താന്‍ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എന്‍.സി.ബി.യുടെ റിമാന്‍ഡ് അപേക്ഷ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അര്‍ബാസിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. മൂന്ന് പ്രതികളില്‍നിന്നായി ആകെ അഞ്ച് ഗ്രാം ഹാഷിഷാണ് കണ്ടെടുത്തതെന്നും ആരില്‍നിന്നാണ് ഇത് കണ്ടെടുത്തതെന്ന് റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.സി.ബി.ക്ക് ലഭിച്ചിരുന്നു. ആര്യന്റെയും അര്‍ബാസിന്റെയും വാട്ആപ്പ് ചാറ്റുകളില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയതെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരിപാര്‍ട്ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു.

അതിനിടെ, ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍.സി.ബി. സംഘം തിങ്കളാഴ്ച വൈകിട്ടോടെ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലെത്തി പരിശോധന നടത്തി. കോര്‍ഡെലിയ ക്രൂയിസില്‍ യാത്രചെയ്തവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍.സി.ബി. സംഘത്തിന്റെ തീരുമാനം. റെയ്ഡ് നടക്കുന്ന സമയം കപ്പലിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.