![](https://www.nrimalayalee.com/wp-content/uploads/2021/03/Qatar-Quarantine-Guidelines-for-Vaccinated-Travelers.jpeg)
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുതുക്കിയ യാത്രാ, പ്രവേശന നയങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിലാകും. സന്ദർശക വീസയിലെത്തുന്ന വാക്സിനെടുക്കാത്ത കുട്ടികൾക്കും ഇനി രാജ്യത്തു പ്രവേശിക്കാം. ഇന്ന് ഉച്ചയ്ക്ക് 2 മുതലാണ് പുതുക്കിയ വ്യവസ്ഥകൾ പ്രാബല്യത്തിലാകുന്നത്.
കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നെത്തുന്ന സന്ദർശകർക്കൊപ്പം വാക്സിനെടുക്കാത്ത 11 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുൻപ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭിക്കുന്ന സമ്മതപത്രം പൂരിപ്പിച്ചു നൽകണം.
ഖത്തർ ഐഡിയുള്ള പ്രവാസികളിൽ ഖത്തറിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ് മുക്തർക്കും ഹോട്ടൽ ക്വാറന്റീൻ 2 ദിവസമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. അതേസമയം ഖത്തർ ഐഡിയുള്ളവരിൽ വാക്സിനെടുക്കാത്ത അല്ലെങ്കിൽ ഭാഗികമായി വാക്സിനെടുത്തവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ എന്നത് ഇന്നുമുതൽ 7 ദിവസമാക്കി കുറച്ചു.
ഖത്തർ അംഗീകൃത കോവിഡ് വാക്സീനെടുത്ത സന്ദർശകർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ 2 ദിവസമാക്കി. എന്നാൽ വാക്സീനെടുക്കാത്ത സന്ദർശകർക്ക് പ്രവേശനമില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് പരിശോധനാ ഫലം, സന്ദർശകർക്ക് ഇഹെത്റാസ് റജിസ്ട്രേഷൻ തുടങ്ങിയ വ്യവസ്ഥകളിലും മാറ്റമില്ല.
പുതുക്കിയ ക്വാറന്റീൻ നയങ്ങൾ പ്രകാരമുളള ഹോട്ടൽ ക്വാറന്റീൻ ബുക്കിങ്ങും ഡിസ്കവർ ഖത്തർ ആരംഭിച്ചു. ഇതുപ്രകാരം 2, 7 ദിവസങ്ങളിലേക്കുള്ള ക്വാറന്റീൻ ബുക്കിങ്ങാണ് ഹോട്ടൽ ക്വാറന്റീനിൽ കഴിയുന്നവർക്കായുള്ളത്.
ഗാർഹിക തൊഴിലാളികൾ, കമ്പനി ജീവനക്കാർ എന്നിവർക്കുള്ള മികെയ്ൻസിലെ ഷെയേർഡ് ക്വാറന്റീൻ കേന്ദ്രങ്ങളിൽ 2, 10 ദിവസങ്ങളിലാണ് ക്വാറന്റീൻ. ഈ മാസം പത്തിനുള്ള ബുക്കിങ് നിരക്ക് അനുസരിച്ച് ഹോട്ടൽ ക്വാറന്റീൻ 2 ദിവസത്തേക്ക് ഒരാൾക്ക് 1,494 റിയാലും (ഏകദേശം 30,358 ഇന്ത്യൻ രൂപ) 7 ദിവസത്തേക്ക് 4,231 റിയാൽ (ഏകദേശം 85,973 രൂപ) മുതലുമാണ് നിരക്ക്.
ക്വാറന്റീൻ തീയതിയും തിരഞ്ഞെടുക്കുന്ന ഹോട്ടലും അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും. മികെയ്ൻസിൽ 2 ദിവസത്തേക്ക് ഒരാൾക്ക് 506 റിയാൽ (10,282 ഇന്ത്യൻ രൂപ), 10 ദിവസത്തേക്ക് 1,377 റിയാലുമാണ് (ഏകദേശം 27,980 രൂപ) നിരക്ക്. ഇന്നലെ വരെ ഒരാൾക്ക് ഒരു ലക്ഷത്തിലധികമായിരുന്ന 10 ദിവസത്തെ ക്വാറന്റീൻ തുക ഇപ്പോൾ ഏഴു ദിവസമാക്കി കുറച്ചതോടെ ചെലവ് ഒരു ലക്ഷത്തിൽ താഴെയാണെന്നത് സാധാരണക്കാരായ പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസമാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല