സ്വന്തം ലേഖകൻ: റഷ്യന്‍ നടി ജൂലിയ പെര്‍സില്‍ഡും സംഘവും സിനിമാ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. കസാക്കിസ്താനില്‍ റഷ്യ നടത്തുന്ന ബൈക്കോണര്‍ കോസ്മോഡ്രോമില്‍ നിന്ന് സോയൂസ് എം.എസ്-19 പേടകത്തിലാണ് ഇന്ത്യന്‍ സമയം ഉച്ചക്ക് 2.25ന് സംഘം പുറപ്പെട്ടത്. ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷനില്‍ (ഐ.എസ്.എസ്) മൂന്നു മണിക്കൂര്‍ 17 മിനുട്ട് കൊണ്ട് പേടകം എത്തും.
ഇവര്‍ സഞ്ചരിച്ച വാഹനം ശരിയായ ഭ്രമണപഥത്തില്‍ എത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഐ.എസ്.എസില്‍ ജീവിക്കുന്ന തോമസ് പെസ്ക്വറ്റ്, മാര്‍ക്ക് വാന്‍ഡ് ഹെ, ഷെയിന്‍ കിംബ്രൗ, മേഘന് മക് ആര്‍തര്‍, ഒളെഗ് നോവിറ്റ്സ്കി, അകി ഹോഷിദെ എന്നിവര്‍ സിനിമാ സംഘത്തെ സ്വാഗതം ചെയ്യും.
പ്രശസ്ത നടന് ടോം ക്രൂയിസിനെ സിനിമാ ഷൂട്ടിങ്ങിനായി ഒക്ടോബറില്‍ ഐ.എസ്.എസില്‍ എത്തിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഈലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഏജന്‍സിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, പിന്നീട് അത് അടുത്ത വര്‍ഷത്തേക്ക് മാറ്റി. ടോം ക്രൂയിസ് പോവുമെന്ന് പ്രഖ്യാപിച്ചിരുന്ന തീയ്യതിക്കു മുമ്പു തന്നെയാണ് റഷ്യന്‍ സംഘം പുറപ്പെട്ടിരിക്കുന്നത്.
ചലഞ്ച് എന്ന പേരിലുള്ള സിനിമ ഷൂട്ട് ചെയ്യാനാണ് 37കാരിയായ ജൂലിയയും സംവിധായകന് ക്ലിം ഷിപ്പെങ്കോയും ഐ.എസ്.എസിലേക്ക് പുറപ്പെട്ടിരിക്കുന്നത്. റഷ്യയുടെ ബഹിരാകാശ സഞ്ചാരിയായ ആന്റണ്‍ കപ്ലെറോവും കൂടെയുണ്ട്. 12 ദിവസത്തിന് ശേഷം ഒക്ടോബര്‍ 17നാണ് സംഘം തിരികെയെത്തുക.
ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ അസുഖബാധിതനായ ഒരു ഗവേഷകനെ രക്ഷിക്കാന്‍ ഡോക്ടര്‍ എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. ജൂലിയയാണ് ഡോക്ടര്‍ ആയി അഭിനയിക്കുക. ഡോക്ടറുടെ സുഹൃത്ത് കൂടിയാണ് അസുഖബാധിതനായ ഗവേഷകന്. സംവിധായകനായ ക്ലിം ഷിപ്പെങ്കോയും ബഹിരാകാശ സഞ്ചാരികളായ ആന്റണ്‍ കപ്ലെറോവ്, ഓളെഗ് നോവിറ്റ്സ്കി, പയോട്ര് ദബ്രോവ് എന്നിവരും സിനിമയില്‍ വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യും. സിനിമക്കു വേണ്ടി ഭൂമിയില്‍ ഷൂട്ടിങ് ഉണ്ടാവുമോയെന്ന കാര്യം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
‘ചലഞ്ച്’ ഒരു പരീക്ഷണ സിനിമയാണെന്ന് ക്ലിം ഷിപ്പെങ്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹിരാകാശത്തെ അസാധാരണമായ സാഹചര്യത്തില്‍ മുമ്പ് സിനിമയുണ്ടാവാത്തതിനാല് ആരോടും ഉപദേശം തേടാന്‍ സാധിച്ചില്ല. ചില കാര്യങ്ങള്‍ ശരിയാവും, ചിലത് ശരിയാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ക്യാമറ, ലൈറ്റിങ്, മേക്കപ്പ്, പ്രൊഡക്ഷന്‍ ജോലികള്‍ ഷിപ്പെങ്കോയും ജൂലിയയും കൂടിയായിരിക്കും ചെയ്യുക. ഭൂമിയിലെ പോലെയല്ലെങ്കിലും എല്ലാം നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് ജൂലിയ പറയുന്നു. ഭയക്കാനുള്ള സമയം കിട്ടിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്റെ മേധാവിയായ ദിമിത്രി റോഗോസിനും സിനിമക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അതു കൊണ്ടു തന്നെ ഐ.എസ്.എസ്സില്‍ മികച്ച പിന്തുണയാണ് സിനിമാ സംഘത്തിന് ലഭിക്കുക. ഷൂട്ടിങ് കഴിഞ്ഞ് ഒക്ടോബര്‍ 17നാണ് സംഘം ഭൂമിയില്‍ തിരികെയെത്തുക. ആറുമാസമായി ഐ.എസ്.എസ്സിലുള്ള ഓളെഗ് നോവിറ്റ്സ്കിയും കൂടെയുണ്ടാവും.
മിഷന് ഇംപോസിബിള്‍ സിനിമകളിലൂടെ ലോകപ്രശസ്തനായ ടോം ക്രൂയിസിനെ വെച്ച് ബഹിരാകാശത്ത് സിനിമ ഷൂട്ട് ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പ്രഖ്യാപിച്ചത്. 1500 കോടി രൂപയോളം ചെലവില്‍ നിര്‍മിക്കുന്ന സിനിമക്കു വേണ്ടി ഈലോണ്‍ മസ്കിന്റെ സ്പേസ് എക്സ് പേടകമാണ് ടോം ക്രൂയിസിനെ ഐ.എസ്.എസില്‍ എത്തിക്കുക. ഈ മാസം 12നാണ് ടോം ക്രൂയിസ് പോവാന്‍ ഇരുന്നതെങ്കിലും അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല