ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ കനത്ത കൂറുമാറ്റ ഭീഷണി നേരിടുന്നു. നിരവധി യാഥാസ്ഥിതിക എം പിമാര്‍(ടോറി എം പിമാര്‍) സര്‍ക്കാരിനെ എതിര്‍ക്കുകയും യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ബന്ധം തീരുമാനിക്കാനുള്ള അഭിപ്രായ വോട്ടെടുപ്പിന് അനുകൂല നിലപാടെടുക്കുകയും ചെയ്തതോടെയാണ് ഇത്. ഹൗസ് ഓഫ് കോമണ്‍സില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായവോട്ടെടുപ്പിന് എതിരായി വോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ യാഥാസ്ഥിതിക എം പിമാരെ നിര്‍ബന്ധിക്കുന്നതാണ് അവരെ പ്രകോപിതരാക്കിയത്.
ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമോയെന്ന് സംബന്ധിച്ചാണ് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നത്. അഭിപ്രായ വോട്ടെടുപ്പ് തങ്ങളുടെ രാഷ്ട്രത്തിന്റെ ജനാധിപത്യ സാമ്പത്തിക ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവസരമാണെന്ന് യാഥാസ്ഥിതിക എം പിമാരുടെ ചെയര്മാന് ഗ്രഹാം ബ്രാഡി ദ ഡെയ്ലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഇന്നായിരുന്നു അഭിപ്രായ വോട്ടെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ച വച്ചിരുന്നത്.
എന്നാല്‍ പ്രധാനമന്ത്രിയും വിദേശകാര്യ സെക്രട്ടറി വില്യം ഹോഗും രാജ്യത്തില്ലാത്തതിനാല്‍ അത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചിട്ടുണ്ട്. നാല്‍പ്പത്തിയാറ് ടോറി എം പിമാരാണ് സര്‍ക്കാരിനെ ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. അഭിപ്രായ വോട്ടെടുപ്പ് വിഷയത്തില്‍ ഇവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനാണ് സാധ്യത. അഭിപ്രായ വോട്ടെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന നിലപാടാണ് ടോറി എം പിമാര്ക്കുള്ളതെന്ന് ബ്രാഡിയുടെ ലേഖനത്തില്‍ പറയുന്നു. രാജ്യത്ത് യൂറോപ്യന്‍ യൂണിയന് അംഗത്വത്തേക്കാള്‍ ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും അതിനാല്‍ താന്‍ അഭിപ്രായ വോട്ടെടുപ്പിനെ അനുകൂലിക്കുന്നില്ലെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല