1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസികള്‍ അനധികൃതമായി കൈവശം വച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടുകെട്ടാന്‍ കുവൈത്ത് ട്രാഫിക് വിഭാഗം നടപടി തുടങ്ങി. ഇതോടെ ഒരു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാവുകയും അവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികളെ ഇത് സാരമായി ബാധിക്കും.

അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വച്ചതിന് പിടിയിലാവുന്ന പ്രവാസികളെ നാടു കടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയരാക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കുവൈത്ത് ഭരണകൂടം ആലോചിക്കുന്നതിനിടയിലാണ് അനധികൃത ലൈസന്‍സുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ട്രാഫിക് വിഭാഗം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

പുതിയ ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് വിഭാഗം നേരത്തേ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് ഫൈസല്‍ അല്‍ നവാഫ് മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് നിയമവിരുദ്ധ ലൈസന്‍സുകള്‍ക്കെതിരായ നടപടികള്‍ കര്‍ക്കശമാക്കിയത്.

പ്രവാസികളില്‍ പലരും കാലാവധി കഴിഞ്ഞതോ, തുടര്‍ന്ന് ഉപയോഗിക്കാന്‍ നിയമപരമായി അനുവാദമില്ലാത്തതോ ആയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കുന്നതായാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തല്‍. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് പലരും ഇവ ഉപയോഗിക്കുന്നത്. മാത്രമല്ല, പിടിക്കപ്പെട്ടാല്‍ അഞ്ച് ദിനാര്‍ പിഴ അടച്ച് രക്ഷപ്പെടാമെന്നതും അനുകൂല ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ ഇത്തരം കേസുകള്‍ കാലാവധി കഴിഞ്ഞ ലൈസന്‍സുകളായി പരിഗണിക്കാനാവില്ലെന്നും അനധികൃത ലൈസന്‍സായി കാണണമെന്നുമാണ് അധികൃതരുടെ തീരുമാനം. തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ലൈസന്‍സ് അവരുടെ ജോലി മാറുന്നതോടെ അസാധുവാകുമെന്നാണ് നിയമം. അതോടൊപ്പം ഏത് പ്രൊഫഷനില്‍ ജോലി ചെയ്യുന്നവര്‍ക്കും നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സ് വിസ കാലാവധി തീരുന്നതോടെ അവസാനിക്കും.

എന്നാല്‍ ജോലി മാറിയിട്ടും ഈ ലൈസന്‍സ് ഉപയോഗിക്കുന്നത് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതിന് തുല്യമായി പരിഗണിക്കുകയും അത്തരം കേസുകളില്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് നിലവില്‍ ഒരു ലക്ഷത്തിലേറെ പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നതായാണ് മന്ത്രാലയത്തിന്റെ കണക്ക്. വിദേശ വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലികമായി നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സ് പഠനം പൂര്‍ത്തിയായ ശേഷവും ഉപയോഗിക്കരുതെന്നാണ് നിയമം. എന്നാല്‍ 20,000ത്തിലേറെ പേര്‍ ഈ താല്‍ക്കാലിക ലൈസന്‍സുകള്‍ പഠനശേഷവും ഉപയോഗിക്കുന്നുണ്ട്.

അതേപോലെ 40,000ത്തോളം പ്രവാസികള്‍ തൊഴില്‍ മാറ്റത്തിന് ശേഷവും പഴയ ലൈസന്‍സ് ഉപയോഗിക്കുന്നതായും ജനറല്‍ ട്രാഫിക് വിഭാഗം അറിയിച്ചു. തൊഴിലുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ലൈസന്‍സുകള്‍ വിസ മാറുമ്പോള്‍ അധികൃതര്‍ക്ക് തിരികെ നല്‍കണമെന്നാണ് നിയമമെങ്കിലും അത് പാലിക്കപ്പെടുന്നില്ല.

അനധികൃത ലൈസന്‍സുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആന്റ് റെസിഡന്‍സ് അഫയോഴ്‌സ് അതോറിറ്റിയുമായി ഇതിനെ ബന്ധിപ്പിച്ചതായും ട്രാഫിക് വിഭാഗം അറിയിച്ചു. ഇനി മുതല്‍ വിസ പുതുക്കണമെങ്കില്‍ ട്രാഫിക് വകുപ്പുമായി ബന്ധപ്പെട്ട പിഴകളോ മറ്റ് തടസ്സങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഈ പരിശോധനയില്‍ അനധികൃത ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നതും കണ്ടെത്താനാവും. ഇവ അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിക്കാതെ വിസ പുതുക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അനധികൃത ലൈസന്‍സുകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രവാസികള്‍ പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലാവധി തീര്‍ന്നില്ലെങ്കിലും പഴയ ലൈസന്‍സുകള്‍ പുതുക്കണം. ഇതുവഴി അനധികൃത ലൈസന്‍സുകള്‍ കണ്ടെത്തി തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പുതിയ ലൈസന്‍സുകള്‍ വരുന്നതോടെ വ്യാജ ലൈസന്‍സുകള്‍, കാലാവധി കഴിഞ്ഞവ, തൊഴില്‍ മാറി ഉപയോഗിക്കുന്നവ തുടങ്ങിയവ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി വരും.

പ്രവാസികള്‍ക്ക് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന രീതിയിലാണ് ട്രാഫിക് വിഭാഗം പുതിയ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. രാജ്യത്തെ റോഡുകളിലെ വാഹനപ്പെരുപ്പവും വാഹന അപകടങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതരുടെ വാദം. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു പ്രത്യേക സമിതിക്ക് അധികൃതര്‍ രൂപം നല്‍കിയിരിക്കുകയാണ്.

അതോടൊപ്പം അടുത്ത കാലത്തായി പ്രവാസികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണവും അത് രാജ്യത്തെ ഗതാഗത സംവിധാനങ്ങളിലുണ്ടാക്കിയ പ്രതിഫലനവും പഠനവിധേയമാക്കി റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് അനുവദിച്ചിരിക്കുന്ന 15 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 8.5 ലക്ഷം ലൈസന്‍സികളും പ്രവാസികള്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് കണക്കുകള്‍. 48 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയില്‍ 34 ലക്ഷം പേരും വിദേശികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.