സ്വന്തം ലേഖകൻ: ഖത്തര്‍ സര്‍ക്കാരിന്റെ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെട്രോളിയം ഇനി പുതിയ പേരില്‍ അറിയപ്പെടും. ഖത്തര്‍ എനര്‍ജി എന്ന പേരിലാണ് ഇനി കമ്പനി അറിയപ്പെടുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്കുള്ള ഇമെയില്‍ സന്ദേശത്തിലാണ് കമ്പനി ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോ ഖത്തര്‍ ഊര്‍ജ മന്ത്രി സഅദ് ഷെരിദ അല്‍ കഅബി ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
യുവര്‍ എനെര്‍ജി ട്രാന്സിഷന് പാര്‍ട്ണര്‍ എന്നതാണ് കമ്പനിയുടെ പുതിയ മുദ്രാവാക്യം. ഖത്തര്‍ പെട്രോളിയത്തിന്റെ പഴയ ലോഗോയ്ക്ക് പകരം പുതിയ ലോഗോയും മന്ത്രി പുറത്തിറക്കി. ഊര്‍ജ കാര്യക്ഷമതയും പരിസ്ഥിതി അനുകൂല ഊര്‍ജ ഉല്‍പ്പാദനവുമാണ് പുതിയ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ മാറ്റം കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പ്രകടമായി. ഖത്തര്‍ പെട്രോളിയത്തിനു പകരം ഖത്തര്‍ എനര്‍ജി എന്ന പേരിലാണ് പുതിയ ട്വിറ്റര്‍ അക്കൗണ്ട്.
ഖത്തര്‍ വിഷന്‍ 2030ന്റെ ഭാഗമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും മുന്‍ഗണനകളിലും കാര്യമായ മാറ്റം വരുത്തുന്നതായാണ് സൂചന. പെട്രോളിയത്തേക്കാള്‍ പ്രകൃതി വാതകത്തിന്റെ ഉല്‍പ്പാദനത്തില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തും. എല്‍എന്‍ജി ഉല്‍പ്പാദനത്തില്‍ ലോകത്ത് തന്നെ ഒന്നാം നിരയില്‍ നില്ക്കുന്ന ഖത്തര്‍ ഇതോടെ വാതക ഉല്‍പ്പാദനത്തില്‍ പുതിയ കുതിപ്പിന് ഒരുങ്ങുകയാണെന്നാണ് വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി കൂടിയാണ് പേരും സ്ലോഗനും മാറ്റിയിരിക്കുന്നത്. റിന്യൂവബിള്‍ എനര്‍ജി സ്രോതസ്സുകള്‍ ഉള്‍പ്പെടെ ഇനി പുതിയ കമ്പനിയുടെ കീഴില്‍ വരും. വികസനം കൂടുതല്‍ പരിസ്ഥിതി അനുകൂലമാക്കുകയെന്ന ലക്ഷ്യവും ഖത്തറിനുണ്ട്. ഊര്‍ജ രംഗത്തെ കൂടുതല്‍ പ്രകൃതി സൗഹൃദമാക്കുമെന്ന ആശയമാണ് പുതിയ മുദ്രാവാക്യത്തിലൂടെ കമ്പനി നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല