![](https://www.nrimalayalee.com/wp-content/uploads/2020/08/Kuwait-Visa-Renewal-Penalty.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് കാരണക്കാരനായ കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ ഡയരക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാനാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.
പരമാവധി മൂന്നു മാസത്തേക്ക് വരെയോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരേ നടക്കുന്ന അന്വേഷണം അവസാനിക്കുന്നതു വരെയോ ആയിരിക്കും സസ്പെന്ഷന് എന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് ഫത്വ ആന്റ് ലെജിസ്ലേറ്റീവ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്തണമെന്ന് മന്ത്രി അബ്ദുല്ല അല്‍ സല്മാന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സസ്പെന്ഷന്. നിയമപരമായ അധികാരമില്ലാതെ അനാവശ്യ തീരുമാനമെടുത്തത് വഴി കുവൈത്ത് മന്ത്രിസഭക്കെതിരായ നിയമനടപടിക്ക് അവസരം സൃഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ഇത്.
60 കഴിഞ്ഞവരുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്വ ആന്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി വിധിച്ചതോടെയാണ് അതോറിറ്റി ഡയരക്ടര്‍ ജനറലിനെതിരേ നിയമ നടപടിക്ക് തുടക്കമായത്. പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അതോറിറ്റി അധികാരമില്ലെന്നും അതുകൊണ്ടു തന്നെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം നിയമവിരുദ്ധമാണ് എന്നുമായിരുന്നു ഫത്വ വകുപ്പിന്റെ നിലപാട്. അതോടൊപ്പം 2000 ദിനാര്‍ ഫീസ് നല്‍കുന്നവര്‍ക്ക് മാത്രം വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാമെന്ന തീരുമാനവും നിയമപരമായി നിലനില്‍ക്കില്ലെന്നും ഫത്വ കമ്മിറ്റി വ്യക്തമാക്കി.
രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി ബിരുദമില്ലാത്ത പ്രവാസി ജീവനക്കാരുടെ നിലവിലെ വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന വിവാദ തീരുമാനം കൈക്കൊണ്ടത്. 2018ലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയായിരുന്നു തീരുമാനം.
ഉത്തരവ് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ അതിനെതിരായി ശക്തമായ എതിര്‍പ്പുകളും ഉയര്‍ന്നുവന്നു. നിയമത്തിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കാന്‍ 60 കഴിഞ്ഞവര്‍ക്ക് മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.
ഈ തീരുമാനവും വിവാദമായതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കാന്‍ ഫത്വ കമ്മിറ്റിയെ കാബിനറ്റ് ചുമതലപ്പെടുത്തിയത്. മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന കമ്മിറ്റിയുടെ തീരുമാനത്തോടെ 60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ ആളുകളുടെ വിസ പുതുക്കലിന് വീണ്ടും വഴിയൊരുങ്ങുകയായിരുന്നു.
66,6000 വർക്ക് പെർമിറ്റുകൾ പുതുക്കി
ഈ വർഷം സെപ്റ്റംബർ 30വരെ 66,6000 വർക്ക് പെർമിറ്റുകൾ പുതുക്കി നൽകിയതായി മാൻപവർ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മുതാതഹ് അറിയിച്ചു. കോവിഡ് കാലത്ത് 59,000 തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു പോയതായും അദ്ദേഹം പറഞ്ഞു. 9 മാസത്തിനിടെ 146000 പേർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇഖാമ മാറ്റിയതായും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല