![](https://www.nrimalayalee.com/wp-content/uploads/2021/01/Bahrain-Economic-Vision-2030-Online-Municipal-Services.jpg)
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച് രാജ്യത്തെ തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. രാജ്യത്തെ കമ്പനി നിയമങ്ങളിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ഇൗ ദിശയിലുള്ളതാണ്. വിവിധ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വ്യവസ്ഥകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്കും അനുകൂലമാണ്.
രാജ്യത്തെ വ്യവസായ മുന്നേറ്റം ഉറപ്പുവരുത്തി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പരിഷ്കരണ നടപടികളുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള കമ്പനികൾ തുടങ്ങണമെങ്കിൽ അതിെൻറ കുറഞ്ഞ മൂലധനം എത്രയായിരിക്കണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. ഒരു ഡബ്ല്യൂ.എൽ.എൽ കമ്പനി തുടങ്ങണമെങ്കിൽ കുറഞ്ഞത് 20,000 ദിനാർ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യണമായിരുന്നു. ഇൗ വ്യവസ്ഥയിൽ ഇപ്പോൾ മാറ്റം വരുത്തി. മൂലധനം കമ്പനിയുടെ ഉടമസ്ഥർക്ക് തീരുമാനിക്കാം.
ഒാരോ ഒാഹരിയുടെയും കുറഞ്ഞ തുക 50 ദിനാർ ആയിരുന്നത് ഇപ്പോൾ 100 ഫിൽസ് മാത്രമാക്കി. ഡബ്ല്യൂ.എൽ.എൽ കമ്പനി തുടങ്ങണമെങ്കിൽ രണ്ട് പാർട്ണർമാർ വേണമെന്ന വ്യവസ്ഥയും മാറ്റി. ഇപ്പോൾ ഒരാൾ മാത്രം മതി. വിവിധ മേഖലകളിൽ പൂർണമായും വിദേശികൾക്ക് ബിസിനസ് തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്. ഫാക്ടറി, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, സേവനമേഖല, ഹോൾഡിങ്, കൺസൽട്ടൻസി എന്നീ രംഗങ്ങളിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥതയിൽ ബിസിനസ് തുടങ്ങാൻ കഴിയും.
മറ്റൊരു പ്രധാന മാറ്റം കമ്പനിയുടെ ഇൻകോർപറേഷൻ രേഖകൾ ഇംഗ്ലീഷിലോ അറബിയിലോ ആകാം എന്നതാണ്. നേരത്തെ അറബി ഭാഷയിൽതന്നെ വേണമായിരുന്നു.
അതിനിടെ ബഹ്റൈൻ സെൻട്രൽ ബാങ്ക് ഇലക്ട്രോണിക് ചെക്ക് സംവിധാനം നടപ്പാക്കുന്നു. 19 മുതൽ ഇ-ചെക്ക് നിലവിൽ വരും. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് കടലാസ് ചെക്കുകൾക്ക് പകരം ഇലക്ട്രോണിക് ചെക്ക് സംവിധാനം ആരംഭിക്കുന്നത്. ബഹ്റൈൻ ഇലക്ട്രോണിക് ചെക്ക് സിസ്റ്റം എന്നറിയപ്പെടുന്ന സംവിധാനത്തിെൻറ പ്രവർത്തനത്തിന് ബെനഫിറ്റ് കമ്പനിയാണ് മേൽനോട്ടം വഹിക്കുക. കടലാസ് ചെക്ക് പോലെതന്നെ നിയമസാധുതയും സൗകര്യങ്ങളുമുള്ളതാണ് ഇ-ചെക്ക്.
ആധുനിക സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ പണമിടപാടുകളിലേക്കുള്ള മാറ്റത്തിെൻറ ഭാഗമായാണ് പുതിയ സംവിധാനം എന്ന് സി.ബി.ബി ബാങ്കിങ് ഒാപറേഷൻസ് എക്സിക്യുട്ടിവ് ഡയറക്ടർ ഹെസ അബ്ദുല്ല അൽ സദ പറഞ്ഞു. ബെനഫിറ്റ് പേ ആപ്, ഇ-ചെക്ക് ആപ് എന്നിവ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്കിൽനിന്ന് ഇ-ചെക്ക് ബുക്കിന് അപേക്ഷിക്കാം.
ഇ-ചെക്ക് ബുക്ക് എഴുതുക, ഒപ്പുവെക്കുക, ഇഷ്യൂ ചെയ്യുക, ഡെപ്പോസിറ്റ് ചെയ്യുക എന്നിവയെല്ലാം ബാങ്കിൽ പോകാതെ ഡിജിറ്റലായി ചെയ്യാൻ സാധിക്കും. വ്യക്തികൾക്ക് ബെനഫിറ്റ് പേ ആപ് വഴി ഇൗ സേവനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല