സ്വന്തം ലേഖകൻ: താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനിസ്താനില്‍ നിന്ന് വനിതാ ഫുട്ബോള്‍ താരങ്ങളെയും പരിശീലകരെയും ഉള്‍പ്പെടെ ദോഹയിലെത്തിച്ച ഖത്തറിന് നന്ദി അറിയിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. നൂറോളം വരുന്ന താരങ്ങളെയും കുടുംബങ്ങളെയും സുരക്ഷിതമായി എത്തിക്കുന്നതിന് ഖത്തറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഫിഫ അറിയിച്ചു. ഖത്തറിന്റെ പിന്തുണയും സഹായവുമാണ് അഫ്ഗാനില്‍ ഏറെ വെല്ലുവിളികള്‍ നേരിടുകയായിരുന്ന വനിതാ താരങ്ങളെ ഉള്‍പ്പെടെ അവിടെ നിന്ന് പുറത്തെത്തിക്കാനായതെന്നും ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കാബൂളില്‍ നിന്നുമെത്തിയ എട്ടാമത്തെ ദൗത്യ വിമാനത്തിലായിരുന്നു വനിതാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറോളം ഫുട്‌ബോള്‍ താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും മറ്റ് വിദേശ യാത്രക്കാരെയും ഖത്തറിലെത്തിച്ചത്. താലിബാന്‍ അധികാരം ഏറ്റെടുത്തതോടെ രാജ്യം വിടാന്‍ ആഗ്രഹിച്ച താരങ്ങള്‍ക്ക് ഫിഫയുടെ നേതൃത്വത്തില്‍ പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു.
ഇതുവരെയുള്ള കാബൂള്‍ ദൗത്യത്തില്‍ വച്ച് ഏറ്റവും വലിയ വിമാനമായിരുന്നു കഴിഞ്ഞ ദിവസം ദോഹയിലെത്തിയതെന്ന് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രാലയം വക്താവുമായ ലൗല ബിന്‍ത് റാശിദ് പറഞ്ഞു.
357 പേരുമായാണ് ഖത്തര്‍ എയര്‍വേസ് വിമാനം കാബൂളില്‍ നിന്ന് ദോഹയിലെത്തിയത്. ന്യൂസിലാന്റില്‍ നിന്നുള്ള നിരവധി യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണം പിടിച്ചതു മുതല്‍ ഫുട്‌ബോള്‍ താരങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നുവെന്നും ഖത്തറിന്റെ സഹായത്തോടെ കൂടുതല്‍ താരങ്ങളെ അഫ്ഗാനില്‍ നിന്ന് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും ഫിഫ വ്യക്തമാക്കി.
നേരത്തെ ലോക സൈക്ലിംഗ് ഫെഡറേഷന്‍ നേതൃത്വത്തില്‍ സൈക്ലിംഗ് താരങ്ങള്‍ ഉള്‍പ്പെടെ 165 പേരെയും ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 100 പേരെയും അഫ്ഗാനില്‍ നിന്ന് പുറത്തെത്തിച്ചിരുന്നു. ആസ്‌ട്രേലിയ 50 വനിതാ അത്‌ലറ്റുകള്‍ക്കും പോര്‍ച്ചുഗല്‍ വനിതാ യൂത്ത് ഫുട്‌ബോള്‍ താരങ്ങള്‍ക്കും അഭയം നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് താലിബാന്റെ താല്‍പര്യ പ്രകാരം അഫ്ഗാന്‍ ക്രിക്കറ്റ് ടീമിനെ ഖത്തര്‍ ദോഹയില്‍ എത്തിച്ച് അവിടെ പരിശീലനത്തിന് അവസരം നല്‍കിയത്.
അതേസമയം, ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. 69 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 66 പേര്‍ കോവിഡ് മുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സ്വദേശികളും 25 പേര്‍ വിദേശികളും ആണ്. രാജ്യത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ 918 ആയി. ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ 8 പേരുടെ നില ഗുരുതരമാണ്. കൊവിഡ് ബാധിച്ച് 47 പേര്‍ ആണ് ആശുപത്രിയില്‍ കഴിയുന്നത്. ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 608 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല