1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2021

സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭിക്കുന്ന ‘യുഎഇ പാസ്’ അബുദാബിയിൽ വ്യാപകമാക്കുന്നു. കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും യുഎഇ പാസ് മാനദണ്ഡമാക്കി വരികയാണ്. സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം.

എമിറേറ്റ്സ് ഐഡി, വീസ എന്നിവ എടുക്കുക, പുതുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, വാഹനം റജിസ്റ്റർ ചെയ്യുക, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കുക, ബിസിനസ് ആരംഭിക്കുക തുടങ്ങി 5000ത്തിലേറെ സേവനങ്ങൾക്കുള്ള ഇടപാടുകൾ യുഎഇ പാസ് ഉപയോഗിച്ച്് സ്വന്തമായി നടത്താം.

വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ നൽകാൻ ടൈപ്പിങ് സെന്ററിനെയും വ്യത്യസ്ത ആപ്പിനെയും ആശ്രയിക്കുന്നത് ഒഴിവാക്കാം.യുഎഇ പാസ് മറ്റൊരാൾക്ക് ദുരുപയോഗം ചെയ്യാനാകില്ല. ഇതുപയോഗിച്ച് ഏതെങ്കിലും സർക്കാർ സേവനത്തിനു ശ്രമിച്ചാൽ ബന്ധപ്പെട്ട വകുപ്പ് ഉടമയ്ക്ക് അയയ്ക്കുന്ന കോഡ് നൽകിയാൽ മാത്രമേ പ്രസ്തുത സൈറ്റ് തുറക്കൂ.

വിവിധ എമിറേറ്റിലെ സ്മാർട് സേവന ആപ്പുകൾ യുഎഇ പാസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക, ഫെഡറൽ സർക്കാർ സേവനങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായിരിക്കും യുഎഇ പാസ്. പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, പേര്, ജനന തീയതി, ദേശീയത, ഐഡി കാലാവധി എന്നിവ നൽകിയ ശേഷം തിരിച്ചറിയൽ കാർഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം.

പേപ്പർ ഇടപാടുകളിൽനിന്നു പൂർണമായി ഡിജിറ്റലിലേക്ക് മാറാൻ യുഎഇ പാസ് ഉപകരിക്കും. സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ 24 മണിക്കൂറും സേവനം വിരൽ തുമ്പിൽ ലഭ്യമാക്കാം. സ്മാർട് പാസ്, ദുബായ് ഐഡി തുടങ്ങിയ മറ്റു ആപ്പുകൾക്കു പകരം യുഎഇ പാസ് മാത്രം ഉപയോഗിച്ചാൽ മതിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.