പാക്കിസ്ഥാനിലെ തുറമുഖ നഗരം കറാച്ചിയില്‍ ആണവ ചോര്‍ച്ചയെത്തുടര്‍ന്ന് ഏഴു മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചോര്‍ച്ച തടഞ്ഞെന്ന് ആണവ പ്ളാന്‍റിന്‍റെ ഔദ്യേഗിക വക്താവ് താരിഖ് റഷീദ്. ആണവ കിരണം പുറത്തു പോയിട്ടില്ലെന്നും പ്ളാന്‍റില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ കറാച്ചിയിലെ സാന്തി ബീച്ചിലുള്ള പ്ലാന്‍റ് ഈ മാസം അഞ്ചു മുതല്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. റിയാക്റ്ററിലേക്ക് ഘനജലം കൊണ്ടുവരുന്ന പൈപ്പിലൂടെയാണ് ആണവ കിരണ ചോര്‍ച്ചയുണ്ടായത്. പരിശോധനയ്ക്കായി തുറന്ന പൈപ്പ് വാല്‍വിലൂടെ ഉയര്‍ന്ന താപനിലയുള്ള ജലം പുറത്തേക്കു ചാടുകയായിരുന്നു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജീവനക്കാര്‍ക്കൊന്നും റേഡിയേഷന്‍ ഏറ്റിട്ടില്ലെന്നു റിപ്പോര്‍ട്ട്. പ്ലാന്‍റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ മൂന്നാഴ്ച വേണ്ടിവരും. വ്യാവസായിക ആവശ്യങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ സ്ഥാപിക്കപ്പെട്ട രണ്ട് ആണവ റിയാക്റ്ററുകളിലൊന്നാണ് കറാച്ചിയിലേത്. 1972ലാണ് 100 മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കുന്നത്. 1991ലും ഇവിടെ ആണവ ചോര്‍ച്ചയുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല