1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2021

സ്വന്തം ലേഖകൻ: പ്രവാസികള്‍ പലര്‍ക്കും കുവൈറ്റില്‍ ഇനി വാഹനം ഓടിക്കാനാവില്ല. കാരണം ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുന്നത് തന്നെ കാരണം. തൊഴില്‍ വിസ മാറിയത് കാരണം തസ്തികയിലുണ്ടായ മാറ്റത്തിനനുസരിച്ച് മുന്‍ വിസയില്‍ നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. എന്നാല്‍ തീരുമാനം എന്നു മുതലാണ് നടപ്പിലാക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഇതുപ്രകാരം ഇനി മുതല്‍ പ്രവാസി തൊഴിലാളികള്‍ വിസ പുതുക്കുകയോ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യുമ്പോള്‍ നേരത്തേയുള്ള വിസയില്‍ നല്‍കപ്പെട്ടിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സ് അധികൃതര്‍ക്ക് മുമ്പില്‍ ഹാജരാക്കണം. പുതിയ വിസയിലെ ജോലി തസ്തിക വിസ ലഭിക്കാന്‍ അര്‍ഹതയുള്ളതല്ലെങ്കില്‍ നിലവിലെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ അനധികൃതമായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് വിസ പുതുക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് സമര്‍പ്പിക്കണമെന്ന പുതിയ തീരുമാനം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നഷ്ടമാവും.

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. 18 വയസ്സ് തികയണം, കോളേജ് ഡിഗ്രി ഉണ്ടായിരിക്കണം, മാസ ശമ്പളം 600 ദിനാറില്‍ (ഒന്നര ലക്ഷത്തോളം രൂപ) കുറയാത്ത ശമ്പളം വേണം, കുവൈറ്റില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും താമസിക്കുന്ന ആളായിരിക്കണം, സ്വന്തം നാട്ടില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ആളായിരിക്കണം എന്നിവ ഉള്‍പ്പെടെ നിരവധി മാനദണ്ഡങ്ങളാണ് ലൈസന്‍സ് ലഭിക്കുന്നതിനായി രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ ജോലിയുടെ സവിശേഷ പരിഗണിച്ച് ഏതാനും വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.

ഏതാനും മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് മേല്‍പ്പറഞ്ഞ നിബന്ധനകളില്‍ ചില ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. എഞ്ചിനീയര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫസര്‍മാര്‍, സ്ഥാപനങ്ങളുടെ എച്ച്ആര്‍ എക്‌സിക്യൂട്ടീവുകള്‍ (മന്‍ദൂബ്), ജഡ്ജ്, പ്രൊസിക്യൂട്ടര്‍, യൂനിവേഴ്‌സിറ്റി അധ്യാപകര്‍, ലൈബ്രേറിയന്‍, ഫാര്‍മസിസ്റ്റ്, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും ഇളവ് നല്‍കുക. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സ്ത്രീകള്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, ഡ്രൈവര്‍ വിസയിലുള്ള ആളുകള്‍ എന്നിവര്‍ക്കും ഇളവുകളുണ്ട്.

അതേസമയം, പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി, അനധികൃത ഡ്രൈവിംഗ് ലൈസന്‍സുമായി വാഹനമോടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ നിയമ ലംഘനത്തിന് അഞ്ച് ദിനാര്‍ പിഴയാണ് ശിക്ഷയെങ്കിലും ഇനി മുതല്‍ പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താനാണ് തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 16 ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 10 ലക്ഷത്തോളം വിദേശികളുടെ കൈവശമാണെന്നാണ് കണക്കുകള്‍.

പ്രവാസികളില്‍ പലരും കാലാവധി കഴിഞ്ഞതോ, തുടര്‍ന്ന് ഉപയോഗിക്കാന്‍ നിയമപരമായി അനുവാദമില്ലാത്തതോ ആയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കുന്നതായാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തല്‍. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് പലരും ഇവ ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു ലക്ഷത്തോളം പേര്‍ രാജ്യത്ത് അനധികൃതമായി കൈവശം വയ്ക്കുന്നതായാണ് കണക്കുകള്‍.

ജോലിയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ലൈസന്‍സ് ജോലി മാറിയിട്ടും ഉപയോഗിക്കുന്നത് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതിന് തുല്യമായി പരിഗണിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലികമായി നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ സ്ഥിതിയും ഇതുതന്നെ. പഠനം പൂര്‍ത്തിയായ ശേഷം ഉപയോഗിച്ചാലും നടപടി നേരിടേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.