![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Health-Ministry-Foreign-Recruitment-.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതി ലഭിച്ചു. സ്വദേശികളെ അല്ലാതെ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് നിലനിന്നിരുന്ന വിലക്ക് പിന്‍വലിച്ചതായും 214 വ്യത്യസ്ത തസ്തികകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
57 ഡോക്ടര്‍മാര്‍, 131 നഴ്സിങ് സ്റ്റാഫ്, 23 ടെക്നീഷ്യന്‍സ്, മൂന്ന് ഫാര്‍മസിസ്റ്റുകള്‍ എന്നീ തസ്തികകളിലെ റിക്രൂട്ട്മെന്റിനുള്ള അനുമതിയാണ് സിവില്‍ സര്‍വീസ് കമ്മിഷന് നല്‍കിയിട്ടുള്ളത്.
ഇത് സംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മീഷന് ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയതായും, 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 214 തസ്തികകള്‍ നിലനിര്‍ത്താനും സിവില്‍ സര്‍വീസ് കമ്മിഷന് ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിനിടെ 60 വയസ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാനാണ്.
വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് കാരണക്കാരനായ കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണിത്. അദ്ദേഹം സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതോടെ ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാവും.
ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം മാന്‍പവര്‍ പബ്ലിക് അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്മാന് ഉടന്‍ തന്നെ നല്‍കുമെന്നാണ് സൂചന. ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് ചുമതലയ്ക്ക് ചുമതല ലഭിക്കുന്നതോടെ 60 കഴിഞ്ഞവരും ബിരുദമില്ലാത്തവുരമായ പ്രവാസികള്‍ക്ക് വിസ പുതുക്കല്‍ നടപടികള്‍ പുനരാരംഭിക്കാനാവും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല