![](https://www.nrimalayalee.com/wp-content/uploads/2021/10/Tata-Sons-Air-India.jpg)
സ്വന്തം ലേഖകൻ: ഉത്തര്‍പ്രദേശില്‍ പുതുതായി നിര്‍മിച്ച കുശിനഗര്‍ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു. ശ്രീലങ്കയില്‍നിന്നുള്ള വിമാനമാണ് ആദ്യം കുശിനഗറില്‍ ഇറങ്ങിയത്. കൊളംബോയില്‍നിന്ന് ബുദ്ധമത സന്യാസിമാരും തിര്ഥാടകരും ഉള്‍പ്പെടെ 125 പേരാണ് വിമാനത്തിലെത്തിയത്. ബുദ്ധഭഗവാന് അന്ത്യവിശ്രമം കൊള്ളുന്ന കുശിനഗറിലേക്കുള്ള തീര്‍ഥാടനം സുഗമമാക്കുന്നതിനു വേണ്ടിയാണ് രാജ്യാന്തര വിമാനത്താവളം നിര്‍മിച്ചത്.
എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത നടപടി ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്കു കൂടുതല്‍ ഊര്‍ജം പകരുന്നതാണെന്ന് മോദി പറഞ്ഞു. അടുത്ത മൂന്നു നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ ഡോമുകള്‍ എന്നിവയുടെ ശൃംഖല ഒരുക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി സഹകരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 260 കോടി രൂപ മുടക്കിയാണ് പുതിയ വിമാനത്താവളം നിര്‍മിച്ചത്.
ഡല്‍ഹിയില്‍നിന്ന് കുശിനഗറിലേക്ക് സ്പൈസ് ജെറ്റ് ഉടനെ നേരിട്ട് സര്‍വീസ് ആരംഭിക്കും. ബുദ്ധഭഗവാന് മഹാപരിനിര്‍വാണ പ്രാപിച്ച കുശിനഗര്‍ ബുദ്ധവിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. ബുദ്ധതീര്‍ഥാടന കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള പാക്കേജാണ് ലക്ഷ്യമിടുന്നത്. ലുംബിനി, ബോധ്ഗയ, സാരാനാഥ്, കുശിനഗര്‍, ശ്രവസ്തി, രാജ്ഗിര്‍, സന്കിസ, വൈശാലി തുടങ്ങിയ ബുദ്ധകേന്ദ്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് ആഭ്യന്തര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കുശിനഗര്‍ വിമാനത്താവളത്തിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തെ ആദ്യമായി ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആദരവ് അറിയിക്കുന്നുവെന്ന് ശ്രീലങ്കന്‍ കായിക മന്ത്രി നമല്‍ രജപക്സെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല