![](https://www.nrimalayalee.com/wp-content/uploads/2019/06/facebook.jpg)
സ്വന്തം ലേഖകൻ: സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് വൻ മാറ്റത്തിനൊരുങ്ങുന്നു. ബ്രാൻഡ് നെയിം മാറ്റാൻ പദ്ധതിയിടുന്നതായി ഫേസ്ബുക്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ കൂടി ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്പനിയ്ക്ക് പുതിയ പേര് കണ്ടെത്തിയതായാണ് വിവരം. യുഎസ് ടെക്നോളജി ബ്ലോഗായ വെർജാൻ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഒക്ടോബർ 28ന് നടക്കുന്ന ഫേസ്ബുക്കിന്റെ വാർഷിക കണക്ട് കോൺഫറൻസിൽ സിഇഒ മാർക്ക് സർക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് വിവരം. മെറ്റാവേഴ്സ് എന്ന അത്യാധുനിക സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച്ചയോടെ പുതിയ പേര് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടാണ് പ്രചരിക്കുന്നത്. വിഷയത്തിൽ ഫേസ്ബുക്കിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനും സാധിക്കുന്ന ഷെയേർഡ് വെർച്വൽ സ്പേസ് ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാകും. ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാകും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്സിന് വേണ്ടി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്.
ഇന്റർനെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് സക്കർബർഗ് നേരത്തെ പറഞ്ഞത്. മെറ്റാവേഴ്സിന് വേണ്ടി ഒരു പ്രൊഡക്ട് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് സംഘം പ്രവർത്തിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല