![](https://www.nrimalayalee.com/wp-content/uploads/2021/10/bahrain-Metro-Project-First-Phase.jpg)
സ്വന്തം ലേഖകൻ: ബഹ്റൈനിൽ മെട്രോ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു. രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹ്റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി. ഗതാഗത, വാർത്താവിനിമയ വകുപ്പ് മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇൗ വർഷം മാർച്ചിൽ നടത്തിയ മാർക്കറ്റ് കൺസൾേട്ടഷൻ പരിപാടിയിൽ പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. 109 കിലോമീറ്റർ ദൈർഘ്യത്തിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന മെട്രോ ശൃംഖലയുടെ ആദ്യ ഘട്ടത്തിനാണ് അനുമതി.
രണ്ട് ലൈനുകളിൽ 28.6 കിലോമീറ്റർ നീളമുള്ള ആദ്യഘട്ടത്തിൽ 20 സ്റ്റേഷനുകളും രണ്ട് ഇൻറർചേഞ്ചുകളുമുണ്ടാകും. എലവേറ്റഡ് പാതയിലൂടെയായിരിക്കും ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ സഞ്ചരിക്കുക. ആദ്യ വർഷങ്ങളിൽ പ്രതിദിനം രണ്ടുലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ കാറുകൾ ഉപേക്ഷിച്ച് കൂടുതൽ പേർ മെട്രോയെ ആശ്രയിക്കാൻ തയാറാകുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ആഗോള ടെൻഡറിലൂടെയായിരിക്കും നിർമാണ കമ്പനിയെ നിശ്ചയിക്കുക. ഇതിനുള്ള നടപടി നവംബറിൽ ആരംഭിക്കും.
പൊതു–സ്വകാര്യ പങ്കാളിത്ത (പി.പി.പി) രീതിയിലുള്ള മെട്രോ പദ്ധതിയിലെ സ്വകാര്യ പങ്കാളി ഡിസൈൻ, ബിൽഡ്, ഫിനാൻസ്,ഒാപറേറ്റ്, മെയിൻറയിൻ, ട്രാൻസ്ഫർ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. 35 വർഷമാണ് കരാർ കാലാവധി. മുൻകൂട്ടി നിശ്ചയിച്ച തുക സർക്കാർ ഗ്രാൻറായി കരാർ കമ്പനിക്ക് നൽകും.
മെട്രോ ഇടനാഴിക്കും അനുബന്ധ ഡിപ്പോകൾക്കും ആവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. പദ്ധതി ആരംഭിക്കുേമ്പാൾ ഇൗ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറും. ആധുനിക, അതിവേഗ ഗതാഗത സൗകര്യമൊരുക്കുന്ന മെട്രോ പദ്ധതി രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായക നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല