മൂന്നാം ഏകദിനത്തില്‍ ഇംഗ്ളണ്ടിനെതിരെ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് വിജയം. അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകള്‍ ബൌണ്ടി പായിച്ച് ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഇന്ത്യക്കു വിജയമൊരുക്കിയത്. സ്കോര്‍: ഇംഗ്ളണ്ട് 4/298. ഇന്ത്യ 49.2 ഓവറില്‍ 5/300. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം ഏകദിനത്തിലും വിജയം കണ്ടതോടെ ഇന്ത്യ ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്തി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് അടിച്ചുകൂട്ടി.
ജൊനാഥന് ട്രോട്ടിന്റെയും സമിത് പട്ടേലിന്റെയും വെടിക്കെട്ടു ബാറ്റിംഗ് മികവിലാണ് ഇംഗ്ളീഷ് പട മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇംഗ്ളണ്ടിന്റെ ഓപ്പണര്‍മാരെ 53 റണ്‍സെടുക്കുന്നതിനിടെ പവലിയനില്‍ എത്തിക്കാനായെങ്കിലും പിന്നീടങ്ങോട്ടു ഇന്ത്യന്‍ ബൌളര്‍മാര്‍ക്കു ലക്ഷ്യം കാണാനായില്ല. മൂന്നു റണ്‍സുമായി അലസ്റര്‍ കുക്കും 36 റണ്‍സെടുത്ത കീസ്വെറ്ററെയുമാണ് ഇംഗ്ളണ്ടിനു തുടക്കത്തിലേ നഷ്ടമായത്. എന്നാല്‍ ജോനാഥന് ട്രോട്ടും കെവിന് പീറ്റേഴ്സണും ഇന്ത്യന്‍ ബൌളര്‍മാരെ ക്ഷമാപൂര്‍വം നേരിട്ടു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.
64 റണ്‍സുമായി പീറ്റേഴ്സണ് പുറത്തായപ്പോള്‍ ട്രോട്ടിനു കൂട്ടിനെത്തിയ ബൊപ്പാര(24)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബൊപ്പാര കൂടാരം കയറിയപ്പോള്‍ ക്രീസിലെത്തിയ സമിത് പട്ടേല്‍ ഇന്ത്യന്‍ ബൌളര്‍മാരെ കണക്കിനു പ്രഹരിച്ചു. അവസാന ഓവറുകളില്‍ കത്തിക്കയറിയ സമിത് പട്ടേല്‍ ഇംഗ്ളണ്ട് സ്കോര്‍ റോക്കറ്റ് വേഗത്തിലാക്കി. ട്രോട്ടും പട്ടേലും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 43 പന്തില്‍ നിന്നു രണ്ടു സിക്സറും ഏഴു ബൌണ്ടറിയും അടക്കം പുറത്താകാതെ 70 റണ്‍സാണ് പട്ടേല്‍ അടിച്ചുകൂട്ടിയത്. 116 പന്തില്‍ നിന്നു പുറത്താകാതെ 98 റണ്‍സ് നേടിയ ട്രോട്ടാണ് ഇംഗ്ളീഷ് ബാറ്റിംഗിനു അടിത്തറപാകിയത്. ഇന്ത്യക്കു വേണ്ടി പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, വിരാട് കൊഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുനേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും(38) അജങ്ക രഹാനെയും ചേര്‍ന്ന് 79 റണ്‍സ് നേടി. പാര്‍ഥിവ് പട്ടേലിനെ പുറത്താക്കി ബ്രസ്നനാണ് ഇംഗ്ളണ്ട് ബ്രേക്ക് നല്‍കിയത്. തുടര്‍ന്ന് ഗംഭീറും രഹാനെയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 58 റണ്‍സുമായി ഗംഭീര്‍ പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര പ്രതിരോധത്തിലായി.
ഗംഭീറിനു പിന്നാലെ 91 റണ്‍സുമായി രഹാനെയും കൂടാരം കയറിയോടെ പിന്നാലെയെത്തിയ റെയ്ന(0)യും കൊഹ്ലി(35)യും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ ക്യാപ്റ്റന്‍ ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിജയത്തിലേയ്ക്കു നയിച്ചത്. 31 പന്തില്‍ നിന്നു പുറത്താകാതെ 35 റണ്‍സ് നേടിയ ധോണിയും 24 പന്തില്‍ നിന്നു 26 റണ്‍സെടുത്ത ജഡേജയും ഇന്ത്യക്കു വിജയമൊരുക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല