സ്വന്തം ലേഖകൻ: ലോകകപ്പ് ആവേശം നിറച്ച് 2022 ലേക്ക് മിഴിതുറന്ന് ഖത്തറിന്റെ അൽതുമാമ സ്റ്റേഡിയം. ഗാലറികളിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെട്ട 40,000ത്തോളം വരുന്ന ഫുട്ബോൾ കാണികളുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് സ്റ്റേഡിയം രാജ്യത്തിന് സമർപ്പിച്ചത്.
ഏറ്റവും വലിയ പ്രാദേശിക ഫുട്ബോൾ മാമാങ്കമായ 49-ാമത് അമീർ കപ്പ് ഫൈനലിനോട് അനുബന്ധിച്ചായിരുന്നു സ്റ്റേഡിയം ഉദ്ഘാടനം. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഗാഫിയ തലപ്പാവ് ധരിച്ച കുട്ടികളുടെ സാംസ്കാരിക പരിപാടി ആഘോഷത്തിന് മിഴിവേകി. സ്റ്റേഡിയത്തിനുള്ളിൽ വർണാഭമായ വെടിക്കെട്ട് പ്രദർശനവും ദീപാലങ്കാരങ്ങളുമായി ദൃശ്യവിരുന്നൊരുക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടികൾ.
2022 ഫിഫ ലോകകപ്പിനുള്ള 8 സ്റ്റേഡിയങ്ങളിൽ പൂർത്തിയായവയിൽ ആറാമത്തേതാണിത്. ഇതിനകം പൂർത്തിയായ സ്റ്റേഡിയങ്ങളിൽ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ വക്രയിലെ അൽ ജനൗബ്, എജ്യൂക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി എന്നീ 4 എണ്ണത്തിന്റെ ഉദ്ഘാടനം നേരത്തെ നടന്നു. നിർമാണം പൂർത്തിയായ അഞ്ചാമത്തെയും ലോകകപ്പ് കിക്കോഫ് വേദിയുമായ അൽഖോറിലെ അൽ ബെയ്തിന്റെയും ദോഹ കോർണിഷിന്റെ തീരത്തെ റാസ് അബു അബൗദിന്റെയും ഉദ്ഘാടനം ഡിസംബറിൽ. ലോകകപ്പ് ഫൈനൽ മത്സര വേദിയായ ലുസെയ്ലിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
5,15,400 ചതുരശ്രമീറ്ററിലുള്ള സ്റ്റേഡിയത്തിന് 4 ഔട്ഡോർ പിച്ചുകളുമുണ്ട്. ലോകകപ്പ് ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്. അറബ് രാജ്യങ്ങളിലെ പുരുഷന്മാരും ആൺകുട്ടികളും ധരിക്കുന്ന പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലുള്ള സ്റ്റേഡിയം ഖത്തറിന്റെ മാത്രമല്ല അറബ് ലോകത്തിന്റെ ഭാവിയും ഭൂതകാലവും കോർത്തിണക്കിയാണ്.
എക്കാലത്തേയും അവിസ്മരണീയമായ ലോകകപ്പ് തന്നെയാണ് 2022 ൽ ഖത്തർ ലോകത്തിന് സമ്മാനിക്കുകയെന്ന് ഖത്തർ ലെഗസി അംബാസഡർമാരായ ഫുട്ബോൾ താരങ്ങൾ ഉറപ്പു നൽകി. അൽതുമാമയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഖത്തർ ലെഗസി ബ്രാൻഡ് അംബാസഡർമാരുമായി മാധ്യമങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് അഭിപ്രായങ്ങൾ പങ്കുവച്ചത്.
ഖത്തർ ലെഗസിയുടെ റീജനൽ അംബാസഡർമാരായ അലി അൽ ഹബ്സി, വെയ്ൽ ഗോമ, ഇന്റർനാഷനൽ അംബാസഡർമാരായ കാഫു, റൊണാൾഡ് ഡി ബോയർ, ടിം കാഹിൽ തുടങ്ങിയവർ പങ്കെടുത്തു.
അതിനിടെ അൽ തുമാമ സ്റ്റേഡിയത്തിലെ ആദ്യ വിജയികൾ കരുത്തരായ അൽ സദ്ദായി. പെനാൽറ്റിഷൂട്ടൗട്ടിലെ അവസാന കിക്കിൽ അമീർ കപ്പ് ഫൈനലിലെ കിരീട വിജയികളെ നിർണയിക്കുകയായിരുന്നു. നിശ്ചിത സമയത്തെ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ്, വിധി നിർണയം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല