സ്വന്തം ലേഖകൻ: യു.എസിലെ ദുരൂഹമരണങ്ങൾക്കു കാരണം ഇന്ത്യയിൽനിന്നുള്ള ഒരു പെർഫ്യൂം ആണെന്നു പ്രാഥമിക നിഗമനം. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ടനനുസരിച്ചു വൻകിട റീട്ടെയിൽ ശംഖലയായ വാൾമാർട്ട് അടക്കം പെർഫ്യൂം വിപണിയിൽനിന്നു പിൻവലിച്ചിട്ടുണ്ട്. മെലിയോയിഡോസിസ് എന്ന രോഗം പകർത്തുന്ന അപൂർവവും മാരകവുമായ ബാക്ടീരിയയുടെ സാന്നിധ്യമാണ് പെർഫ്യൂമിൽ കണ്ടെത്തിയിരിക്കുന്നതെന്നാണു ബ്ലുംബെർഗ് അടക്കമുള്ള രാജ്യാന്തര മാധ്യമമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത അരോമതെറാപ്പി എന്ന സ്‌പ്രേയുടെ 3,900 കുപ്പികൾ വാൾമാർട്ട് തിരിച്ചുവിളിക്കുന്നതായി യു.എസ്. കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനും (സി.പി.എസ്.സി) വ്യക്തമാക്കി. അമേരിക്കയിൽ നാലു പോർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മരണപ്പെട്ടു. രോഗം ആളുകളിൽനിന്നു ആളുകളിലേക്കു പകരുമെന്നതാണു ആശങ്ക വർധിപ്പിക്കുന്നത്.
രോഗികൾ വിദേശയാത്ര ചെയ്തിട്ടില്ലെന്ന വസ്തുതയുടെമേൽ, വീടുകളിൽ നടത്തിയ പരിശോധനയിലാണ് ബെറ്റർ ഹോംസ് ആൻഡ് ഗാർഡൻസ് ബ്രാൻഡിന്റെ അരോമ സ്‌പ്രേ കുപ്പിയിൽ മാരക ബാക്ടീരിയ കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. രോഗ ബാധിതരായ മറ്റുള്ളവരും ഈ സ്‌പ്രേ ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
പ്രതിവർഷം അമേരിക്കയിൽ 12 മെലിയോയിഡോസിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നു സി.ഡി.സി. വ്യക്തമാക്കുന്നു. അതേസമയം ഉഷ്ണമേഖലാ കാലാവസ്ഥയിൽ, പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിലും വടക്കൻ ഓസ്‌ട്രേലിയയിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വാൾമാർട്ട് ഇന്ത്യയിൽ നിർമ്മിച്ച ഈ സ്‌പ്രേ ഏകദേശം 55 സ്റ്റോറുകളിലും വെബ്സൈറ്റിലും ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ വിറ്റിട്ടുണ്ട്.
ബെറ്റർ ഹോംസ് & ഗാർഡൻസ് ലാവെൻഡർ & ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്‌പ്രേ വിത്ത് ജെംസ്റ്റോൺസ് എന്നാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയ പെർഫ്യൂമിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നാല് ഡോളറായിരുന്നു ഈ സ്‌പ്രേയുടെ വില. സ്‌പ്രേ വാങ്ങിയിട്ടുള്ള ഉപയോക്താക്കൾ അവ ഉപയോഗിച്ച ഷീറ്റുകൾ, തുണി തുടങ്ങിയവ ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകണമെന്നും അണുനാശിനികൾ ഉപയോഗിക്കണമെന്നും സി.ഡ.സി. നിർദേശിച്ചിട്ടുണ്ട്. നിരവധിതരം സുഗന്ധങ്ങളിൽ കമ്പനി ഈ സ്‌പ്രേ വിപണിയിലെത്തിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല