1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്ക് നല്‍കുന്ന റെസിഡന്റ് കാര്‍ഡിന്റെ പരമാവധി കാലാവധി മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. നിലവില്‍ രണ്ട് വര്‍ഷമാണ് കാലാവധി. ഇതുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റാറ്റസ് നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതികളുടെ അടിസ്ഥാനത്തിലാണിത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും 10 വയസ്സ് തികഞ്ഞ് 30 ദിവസത്തിനകം തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും പുതിയ നിയമഭേദഗതി അനുശാസിക്കുന്നുണ്ട്.

കാര്‍ഡിന്റെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം കാര്‍ഡ് പുതുക്കണമെന്നും പുതിയ ഭേദഗതി അനുശാസിക്കുന്നു. പുതിയ റെസിഡന്റ് കാര്‍ഡ് എടുക്കാനും പഴയത് പുതുക്കാനും ഒരു വര്‍ഷത്തിന് അഞ്ച് റിയാല്‍ (ആയിരത്തോളം രൂപ) എന്ന തോതിലാണ് ഫീസ് ഈടാക്കുക. കേടായതോ നഷ്ടപ്പെട്ടതോ ആയ കാര്‍ഡിന് പകരം പുതിയത് എടുക്കാന്‍ 20 റിയാല്‍ നല്‍കണം. റെസിഡന്റ് കാര്‍ഡ് എടുക്കാതിരുന്നാല്‍ ഓരോ മാസത്തിന് അഞ്ച് റിയാല്‍ വീതം പിഴ ഈടാക്കും.

രാജ്യത്തിന് പുറത്തുനിന്നു വരുന്ന 10 വയസ്സിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ ഇതുപ്രകാരം രാജ്യത്തെത്തി 30 ദിവസങ്ങള്‍ക്കകം റെസിഡന്റ് കാര്‍ഡ് നേടിയിരിക്കണം. 10 വയസ്സിന് താഴെ പ്രായമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങളും നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ആന്റ് കസ്റ്റംസ് ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശരീഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവില്‍ സ്റ്റാറ്റസ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2021ലെ 235 നമ്പര്‍ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേ ദിവസം മുതല്‍ ഇതിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമെമന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഡ് ലഭിക്കാന്‍ വ്യക്തി നേരിട്ട് ഹാജരാവണമെന്നതാണ് നിയമം. പുതിയ ഭേദഗതി പ്രകാരം സ്വദേശികള്‍ക്കുള്ള സിവില്‍ ഐഡി ലഭിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, രക്ഷിതാക്കളുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഒറിജിനല്‍, ഒമാനി പൗരത്വം സമ്പാദിച്ച വ്യക്തിയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള രേഖ എന്നിവ ഹാജരാക്കണം. റെസിഡന്റ് കാര്‍ഡിന് പാസ്‌പോര്‍ട്ട് ഒറിജിനല്‍, കാര്‍ഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരില്‍ നിന്ന് ലഭിച്ച സന്ദേശം എന്നിവ മതിയാകും. കാര്‍ഡ് പുതുക്കാനാണെങ്കില്‍ ഈ രണ്ട് രേഖകള്‍ക്കൊപ്പം പഴയ കാര്‍ഡും അറ്റാച്ച് ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.