സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്കു പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം നൽകണമെന്ന് മാത്രം. സമയപരിധി കഴിഞ്ഞാൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാകില്ല.
എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി നൽകും. ഇതിനായി എയർലൈനുകളെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസത്തിനകം യാത്ര ചെയ്യാൻ സാധിക്കാത്തവർ കസ്റ്റമർ സപ്പോർട്ടിലേക്ക് ഇമെയിൽ അയച്ചാൽ കാലാവധി നീട്ടിനൽകുന്നുണ്ടെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബറിൽ പോയി ജനുവരിയിലാണ് തിരിച്ചുവരുന്നതെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി എയർലൈനു കത്തയച്ചും പ്രശ്നം പരിഹരിക്കാം.
ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ക്യാൻസലേഷൻ നിരക്ക് ഈടാക്കി ബാക്കി തുക ലഭിക്കും. സ്വകാര്യ വിമാന കമ്പനികളും ഒരു വർഷ കാലയളവിലേക്കു ഉപയോഗിക്കാവുന്ന വിധം ആവശ്യപ്പെട്ട സെക്ടറിലേക്കു ടിക്കറ്റ് മാറ്റി നൽകുകയോ ട്രാവൽ വൗച്ചർ നൽകുകയോ ആണ് ചെയ്തത്. റദ്ദാക്കിയവർക്ക് പണം തിരികെ നൽകിയിരുന്നു. ഇതേസമയം ചില ട്രാവൽ ഏജൻസികൾ തുക മടക്കിനൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
എയർലൈനിൽനിന്ന് പണം ലഭിച്ചില്ലെന്നും കാലാവധി കഴിഞ്ഞെന്നുമൊക്കെയാണ് പറയുന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. മറ്റു ചില ട്രാവൽ ഏജൻസികളും ഓൺലൈൻ സൈറ്റുകളും കോവിഡ് കാലത്ത് അപ്രത്യക്ഷമായതും തുക നഷ്ടപ്പെടാനിടയാക്കി. 15% പേർക്ക് ഇപ്പോഴും ടിക്കറ്റ് തുക ലഭിക്കാനുണ്ടെന്നാണ് വിവരം.
വ്യക്തികൾ നേരിട്ട് എടുത്ത ടിക്കറ്റിന് അവരുടെ അക്കൗണ്ടിലേക്കും ട്രാവൽ ഏജൻസി മുഖേനയെങ്കിൽ ഏജൻസിയുടെ അക്കൗണ്ടിലേക്കുമാണ് പണം തിരിച്ചുനൽകിയതെന്ന് എയർലൈൻ അധികൃതർ വിശദീകരിച്ചു. ഏജൻസി വിസമ്മതിച്ചാൽ ടിക്കറ്റിന്റെ പകർപ്പുമായി എയർലൈൻ ഓഫിസിൽ നേരിട്ടോ ഇമെയിൽ (customersupport@airindiaexpress.in, contactus@airindia.in) മുഖേനയോ ബന്ധപ്പെട്ടാൽ പരിശോധിച്ച് നിജസ്ഥിതി അറിയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല