![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Iqama-Renewal-Health-Insurance.jpg)
സ്വന്തം ലേഖകൻ: 60 തികഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഫീസ് നിർബന്ധമാക്കും. വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ 60 തികഞ്ഞ മുഴുവൻ വിദേശികൾക്കും ഇൻഷുറൻസ് ബാധകമാക്കുന്ന തീരുമാനം മാൻപവർ അതോറിറ്റി പ്രഖ്യാപിച്ചേക്കും.
ബിരുദമില്ലാത്ത 60 തികഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കുന്ന നടപടിയുടെ ഭാഗമായാണിത്. ഇഖാമ പുതുക്കുന്നത് അവസാനിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്ന് ഫത്വ- നിയമനിർമാണ സമിതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരി ഒന്ന് തൊട്ടാണ് ഇഖാമ പുതുക്കാതിരിക്കുന്നത്.
എന്നാൽ, ഫത്വ- നിയമനിർമാണ സമിതിയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ ഇഖാമ പുതുക്കൽ പുനരാരംഭിക്കാൻ നടപടി പുരോഗമിക്കുകയാണ്. വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല അൽ സൽമാന്റെ സാന്നിധ്യത്തിൽ മാൻപവർ അതോറിറ്റി ബോർഡ് കൂടിയപ്പോഴാണ് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുഴുവൻ പേർക്കും ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന അഭിപ്രായം ഉയർന്നത്.
സർക്കാർ ആശുപത്രികളിൽ വിദേശികളുടെ സാന്നിധ്യം കുറയ്ക്കുന്നതിനും പുതിയ തീരുമാനം സഹായിച്ചേക്കും. ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഫത്വ- നിയമനിർമാണ സമിതിയുടെ അഭിപ്രായം തേടിയിട്ടുണ്ട്.
മാൻപവർ അതോറിറ്റിയുടെ അടുത്ത യോഗത്തിൽ പ്രതിനിധിയെ അയയ്ക്കണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഫത്വ- നിയമനിർമാണ സമിതിയോട് അഭ്യർഥിച്ചിട്ടുണ്ട്. അതോടെ 60 കഴിഞ്ഞ ബിരുദം ഇല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല