ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അഖില യുകെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 22ന് ബ്രിസ്‌റ്റോളിലെ ഗ്രീന്‍മേ സെന്ററില്‍ നടക്കും. കേരളത്തിന്റെ വിവിധ രൂപതകളില്‍നിന്നും യുകെയിലെത്തി കുടുംബസമേതം താമസിക്കുന്നവരും അവരുടെ പിന്‍തലമുറക്കാരും കലോത്സവത്തിന് സാക്ഷ്യംവഹിക്കും. രാവിലെ 10ന് രജിസ്‌ട്രേഷന്‍. തുടര്‍ന്ന് കലാമേളയുടെ ഉദ്‌ഘാടനം യുകെയിലെ സീറോ മലങ്കര ചാപ്ലയിന്‍ ഫാ.ഡാനിയേല്‍ കുളങ്ങര നിര്‍വഹിക്കും. അഞ്ചുവേദികളിലായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ 248 പേര്‍ പങ്കെടുക്കും.
വൈകുന്നേരം ആറിന് സമാപനസമ്മേളനത്തില്‍ ഫൊറോന വികാരിയും പി.ജി.കണ്‍സ്‌ട്രക്ഷന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഫാ.ഗ്രിഗറി ഗ്രാന്‍ഡ് വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തും. ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സണ്ടേ സ്‌കൂള്‍ നടത്തിയ വാര്‍ഷിക പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയ ആദ്യമൂന്നു സ്ഥാനക്കാര്‍ക്കും ഹാജരിന് ഒന്നാമത് എത്തിയവര്‍ക്കും ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും. എസ്‌ടിഎസ്‌എംസിസിയുടെ വിശ്വാസ പരിശീലന വിഭാഗം തയാറാക്കിയ സീറോ മലബാര്‍ സഭയുടെ ഇംഗ്ലീഷ് ട്രാന്‍സ് ലേഷനും ട്രാന്‍സ് ലിട്രേഷനും ഉള്‍പ്പെടുന്ന കുര്‍ബാന പുസ്‌തകവും എസ്‌ടിവൈഎല്ലിന്റെ വോയ്‌സ് ഓഫ് സ്റ്റൈല്‍ എന്ന പ്രസിദ്ധീകരണവും ചടങ്ങില്‍ പ്രകാശനം ചെയ്യുംമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല