സേവനത്തിന്റെ മാലാഖമാര്‍ ആണ് നഴ്സുമാര്‍.ഒരു വ്യക്തി അയാള്‍ എത്ര വലിയവനാണെങ്കിലും ആതുരസേവന രംഗത്തെ ഈ മാലാഖമാരുടെ പരിചരണം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിചിട്ടുണ്ടാവും.ആതുരസേവന രംഗത്ത് ഇന്ന് മലയാളികളായ നഴ്സുമാര്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ മൂലക്കല്ലായ എന്‍ ആര് ഐ മലയാളികളില്‍ ഭൂരിപക്ഷവും ആരോഗ്യ മേഖലയില്‍ നിന്നുള്ള നഴ്സുമാര്‍ ആണ്.നഴ്സുമാരുടെ ആദ്യകാലങ്ങളിലെ അമേരിക്കന്‍/ജര്‍മന്‍ കുടിയേറ്റവും ഇക്കഴിഞ്ഞ ദശാബ്ദത്തിലെ യു കെ കുടിയേറ്റവും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ലോകോത്തര നിലവാരത്തില്‍ എത്തിച്ചു.ഇന്നും മാസാമാസം വിദേശമലയാളിയുടെ പണം ചെന്നില്ലെങ്കില്‍ നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നുറപ്പ്.ചുരുക്കത്തില്‍ പറഞ്ഞാല്‍ കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന് അടിസ്ഥാനം ഭൂരിപക്ഷം നഴ്സുമാരായ വിദേശ മലയാളികളാണ്.
വിരോധാഭാസമെന്ന് പറയട്ടെ കേരളത്തിന്റെ ഒരു പക്ഷെ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന നഴ്സുമാരാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന അധ്വാന വര്‍ഗം.ചിലവിനു പോലും തികയാത്ത ആയിരമോ രണ്ടായിരമോ വാങ്ങി ജോലി ചെയ്യുന്ന നിരവധി മലയാളി നഴ്സുമാര്‍ ഇപ്പോഴും കേരളത്തിലുണ്ട്.കോഴ്സ് കഴിഞ്ഞ് ബോണ്ട് എന്ന ഓമനപ്പേരില്‍ തൊഴിലുടമയ്ക്ക് വര്‍ഷങ്ങള്‍ സൌജന്യമായി ജോലി ചെയ്തു കൊടുത്തതിനു ശേഷമാണ് ഇത്രയും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നതെന്നോര്‍ക്കണം.തൊഴിലുറപ്പുകാരന് പോലും മിനിമം കൂലിയായി പ്രതിദിനം ഇരുനൂറു രൂപ നിജപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നഴ്സുമാരുടെ കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല.അമിതമായ ജോലി ശമ്പളമില്ലാതെ ചെയ്യിപ്പിക്കുക,സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വയ്ക്കുക,അമിതമായ ബോണ്ട് വാങ്ങുക തുടങ്ങി നഴ്സുമാരെ ഉപദ്രവിക്കുന്ന നിരവധി നിലപാടുകള്‍ തൊഴിലുടമകള്‍ സ്വീകരിച്ചിട്ടും ഇതിനെതിരെ സ്വരമുയര്‍ത്താന്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയക്കാരനുമില്ല.വിദേശരാജ്യങ്ങളില്‍ നഴ്സിംഗ് എന്ന ജോലിക്ക് നല്‍കുന്നതിന്റെ പത്തിലൊന്ന് അംഗീകാരം പോലും നാട്ടില്‍ ലഭിക്കുന്നില്ല.
മുംബൈയില്‍ കഴിഞ്ഞ ദിവസം മരിച്ച ബീന ബേബി നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളുടെ ഒടുവിലത്തെ ഇരയാണ്.ഇപ്പോള്‍ വിദേശത്തുള്ള നമ്മളില്‍ ഭൂരിപക്ഷവും കടന്നു വന്നത് ഈ അവഗണയുടെ പാതകളില്‍ കൂടി ആയിരുന്നിരിക്കും.യു കെയില്‍ ഇപ്പോള്‍ ചെയ്യുന്ന തൊഴിലിന് സാമൂഹികവും സാമ്പത്തികവുമായ അംഗീകാരം ലഭിക്കുമ്പോള്‍ നാമൊക്കെ കടന്നു വന്ന വഴികള്‍ മറക്കരുത്.ഇന്ത്യയില്‍ നഴ്സുമാരോട് കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും നാം തയ്യാറാകണം.സഹജീവികളോട് നാം അനുഭാവം പ്രകടിപ്പിക്കേണ്ട സമയമാണിത്.
യു കെ മലയാളികളില്‍ മഹാ ഭൂരിപക്ഷവും ഏതെങ്കിലും തരത്തില്‍ നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടവരാണ്.അതുകൊണ്ട് തന്നെ ഈ പ്രതിഷേധ സമരത്തില്‍ പങ്കാളികളാവാന്‍ ഓരോ യു കെ മലയാളിയും മുന്നോട്ടിറങ്ങണം.അതിന് UUKMA,Local Associations,OICC,Pravasi Kerala Congress,Left parties തുടങ്ങിയവര്‍ മുന്‍കൈയെടുക്കണം.ഈ സമ്പത്തും ഐശ്വര്യവും നമുക്കു തന്ന തൊഴിലിന് ഇന്ത്യയില്‍ അതിന്റേതായ അംഗീകാരം ലഭിക്കാന്‍,തൊഴില്‍ സ്ഥലത്തെ അനാവശ്യ പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍,കോടികള്‍ ലാഭം കൊയ്യുന്ന ആശുപത്രി ബിസിനസുകാരില്‍ നിന്നും നഴ്സുമാര്‍ക്ക് ന്യായമായ വേതനം വാങ്ങിക്കൊടുക്കാന്‍ നാം ശ്രമിക്കണം.അതിനായി ഏതറ്റം വരെ പോകാനും ഭരണതലത്തില്‍ നമുക്കുള്ള ബന്ധങ്ങള്‍ പ്രയോജനപ്പെടുത്താനും നാം ശ്രമിക്കണം.നഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഈ ജനകീയ മുന്നേറ്റത്തില്‍ നമുക്ക് പങ്കാളികളാവാം.ഇത് നമ്മുടെ ചരിത്രപരമായ കടമയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല