![](https://www.nrimalayalee.com/wp-content/uploads/2021/01/Oman-VAT-Expats-Job-Status-Change.png)
സ്വന്തം ലേഖകൻ: ഖത്തറില്‍ ആളുകളുടെ വരുമാനത്തിന് ആനുപാതികമായി നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനിയിലില്ലെന്ന് ജനറല്‍ ടാക്സ് അതോറിറ്റി പ്രസിഡന്റ് ഇസ്സ അല്‍ മുഹന്നദി. അതേസമയം, മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് നടപ്പിലാക്കുന്നതിനുള്ള നിയമനിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എപ്പോഴാണ് വാറ്റ് നിലവില്‍ വരികയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അല്‍ ശര്‍ഖ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു രാജ്യത്തിന്റെ വരുമാന സ്രോതസ്സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നികുതികളെന്നും നികുതികളെ കൃത്യമായി ക്രോഡീകരിക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്ടെന്നും മുഹന്നദി കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യത്തിന്റെ വരുമാനത്തെ വൈവിധ്യ വല്‍ക്കരിക്കുന്നതിന് നികുതി അനിവാര്യമാണ്. ഖത്തറില്‍ നികുതി സമ്പ്രദായം പുതിയതായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ആശങ്കള്‍ അകറ്റുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയും സമൂഹത്തില്‍ സാമ്പത്തിക സമത്വം ഉണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 2018ല്‍ രാജ്യത്ത് നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ആവിഷ്ക്കരിച്ചത്. അതേസമയം വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ നികുതികളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ വരുമാനമുള്ള ചെറുകിട ഇടത്തരം കമ്പനികളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2018ലെ നികുതി നിയമപ്രകാരം നിലവില്‍ ഖത്തറില്‍ രണ്ട് തരത്തിലുള്ള നികുതികളാണ് ചുമത്തുന്നത്. ഒന്ന് കമ്പനികളില്‍ വിദേശ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനുള്ള നികുതി. സെലക്ടീവ് ടാക്സ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സോഫ്റ്റ് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ്, പുകയില തുടങ്ങിയവയ്ക്ക് ചുമത്തുന്ന എക്സൈസ് തീരുവയാണ് രണ്ടാമത്തെ നികുതി. ആഗോളതലത്തില്‍ തന്നെ ഏറ്റവും കുറവ് നികുതി ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല