1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2021

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ മുഖഛായ മാറ്റുന്ന വൻ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ കുവൈത്ത്. വിഷൻ- 2035 ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന പദ്ധതികൾ താമസം കൂടാതെ പ്രാവർത്തികമാക്കാനാണ് നീക്കം. സുലൈബിക്കാത്ത് ഉൾക്കടലുമായി ബന്ധപ്പെട്ടും ജഹ്‌റ കടലോരത്തും ലക്ഷ്യമിട്ട പദ്ധതികൾ രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതിനൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

കുവൈത്തിനെ മേഖലയിലെ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ഹബ് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. അതിന്റെ പൂർത്തീകരണമാണ് വിഷൻ-2035. 200 കോടി ദിനാർ ചെലവിലാണ് രണ്ട് പദ്ധതികളും നടപ്പാക്കുക.

സുലൈബിക്കാത്ത് ഉൾക്കടലുമായി ബന്ധപ്പെട്ട പദ്ധതി ഷുവൈഖിലെ സ്വത്രന്ത്ര വ്യാപാര മേഖല തൊട്ട് ഉം അൽ നമീൽ ദ്വീപ് വരെ 38 കിലോമീറ്റർ ദൈർഘ്യമുള്ളതാകും. സമുദ്രപരിസ്ഥിതി പൂർണമായും സംരക്ഷിച്ചുള്ളതാകും പദ്ധതി. 150 കോടി ദിനാർ ആണ് ഈ പദ്ധതിക്ക് ചെലവാക്കുക.

പരിസ്ഥിതി മെച്ചപ്പെടുത്തൽ, റിക്രിയേഷൻ സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമേ 6000 ഭവന യൂണിറ്റുകളും പദ്ധതിയിൽ ഉൾപ്പെടും. റിസോർട്ടുകളിലും ഹോട്ടലുകളിലുമായി 5400 മുറികളുമുണ്ടാകും. 64000 പേർക്ക് ജോലി ലഭിക്കുന്നതാണ് പദ്ധതി. ജഹ്‌റ കടലോരവുമായി ബന്ധപ്പെട്ട് ജഹ്‌റ കോർണീഷ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 7.3 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി.

ജാബർ അൽ അഹമ്മദ് പ്രദേശത്തെ കുവൈത്ത് ഉൾക്കടൽ പദ്ധതിയുമാ‍യി ബന്ധിപ്പിച്ചാണ് കോർണീഷ് പണിയുക. 50 കോടി ദിനാർ ചെലവിൽ ദോഹ സ്റ്റേഷന് വടക്ക് നിന്ന് തുടങ്ങി ജഹ്‌‌റ നാച്വറൽ റിസർവ് അതിർത്തി വരെ നീളുന്ന പദ്ധതി പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാര, വാണിജ്യ സംവിധാനവും ചേർത്തുള്ളതാകും.

ജഹ്‌റ കോർണീഷുമായി ബന്ധപ്പെട്ട് സ്പോർട്സ് അക്കാദമി, കടകൾ, റസ്റ്ററന്റുകൾ, മത്സ്യത്തൊഴിലാളി ഗ്രാമം, കുട്ടികൾക്ക് കളിസ്ഥലം, സൈക്കിൾ സവാരിക്ക് ഇടം എന്നിവയുണ്ടാകും. 11519 പേർക്ക് തൊഴിൽ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.