![](https://www.nrimalayalee.com/wp-content/uploads/2020/09/Bahrain-Domestic-Workers-Recruitment-Covid-19.png)
സ്വന്തം ലേഖകൻ: കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവുണ്ടായതായി കണക്കുകൾ. മാൻപവർ അതോറിറ്റിയുടെ സ്ഥിതിവിവര കണക്കനുസരിച്ച് കഴിഞ്ഞ മാസം രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം 606364 ആണ്. സെപ്റ്റംബറിൽ 636525 ആയിരുന്നു.
അതേസമയം ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന 5 സ്ഥാപനങ്ങൾ ലൈസൻസ് റദ്ദാക്കാൻ അപേക്ഷ നൽകിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. കാരണം വ്യക്തമല്ലെന്നും അതോറിറ്റി വ്യക്തമാക്കി. ഗാർഹിക തൊഴിലാളി ഓഫിസ് സ്പോൺസർമാർ 27 ഗാർഹിക തൊഴിലാളികളെക്കെതിരെ പരാതി നൽകിയതായും അതോറിറ്റിയിലെ ഗാർഹിക തൊഴിലാളി നിയമന വിഭാഗം അറിയിച്ചു.
തൊഴിലുടമകൾക്കെതിരെ 152 ഗാർഹിക തൊഴിലാളികളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. അതേസമയം തൊഴിൽത്തർക്കം സംബന്ധിച്ച് തൊഴിൽ വകുപ്പിന് ലഭിച്ച 25 പരാതികൾ കോടതിക്ക് കൈമാറി. യാത്രാ രേഖകൾ സ്പോൺസർ പിടിച്ചുവച്ചത് സംബന്ധിച്ച് 65 പരാതികളും തൊഴിലാളികൾക്കെതിരെ തൊഴിലുടമകളുടെ 29 പരാതികളും ലഭിച്ചിട്ടുണ്ട്. 124 പരാതികൾ രമ്യമായി പരിഹരിച്ചു.
തൊഴിലാളികൾക്ക് അനുകൂലമായി തൊഴിലുടമകളിൽ നിന്ന് 10635 ദീനാർ ഈടാക്കി നൽകി. നിയമലംഘനത്തിന് ഒരു റിക്രൂട്ടിങ് ഓഫീസിന്റെ ലൈസൻസും റദ്ദാക്കി. നിലവിലുള്ള 420 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ 41 ഓഫിസുകൾ മാത്രമാണ് ലൈസൻസ് പുതുക്കിയതെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല