അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): 2021-ൽ കലാരംഗത്തിന് കനത്ത ആഘാതം സൃഷ്ടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ, അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” നെടുമുടി വേണു നഗർ” എന്ന് നാമകരണം ചെയ്ത വിർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.
മുൻ വർഷങ്ങളിലേത് പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും നെടുമുടി വേണുവിൻ്റെ പേര് മാത്രമാണ് വ്യക്തിയെന്ന നിലയിൽ നിർദ്ദേശിച്ചതെന്നത് അദ്ദേഹത്തിൻ്റെ അഭിനയത്തികവിനോടുള്ള മലയാളി സമൂഹത്തിൻ്റെ സ്നേഹപ്രകടനമായി മാറിയിരിക്കുന്നു.
പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് മിഡ്ലാൻഡ്സ് റീജിയണിലെ, മിഡ്ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷനിൽ (MICKA) നിന്നുമുള്ള ജോബെൻ തോമസ് ആണ്. കൂടാതെ ഡോ.ബിജു പെരിങ്ങത്തറ, ജേക്കബ് കോയിപ്പള്ളി, ജിജി വിക്ടർ, സോണിയ ലുബി, റെയ്മോൾ ജോസഫ്, സുനിൽകുമാർ, ടെസ്സ സൂസൻ ജോൺ, ശ്രേയാ സജീവ്, എന്നിവർക്കു കൂടി പ്രോൽസാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ദേശീയ കലാമേളയുടെ സമ്മാനദാനത്തിനോടൊപ്പം വിജയിയെ പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.
ഭാരതീയ സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂർത്തി സ്വാമികളും എം എസ് വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ എൻ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറും, തെന്നിന്ത്യൻ അഭിനയ വിസ്മയം ശ്രീദേവിയും, ഇന്ത്യൻ സംഗീത വിസ്മയവും ബഹുമുഖപ്രതിഭയുമായ എസ് പി ബാലസുബ്രസ്മണ്യം എന്നിവരെല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
ലോഗോ രൂപകൽപ്പന മത്സരത്തിൽ വിജയി
കലാമേള ലോഗോ മത്സരവും അത്യന്തം വാശിയേറിയതായിരുന്നു ഈ വർഷവും. യു കെ മലയാളികൾക്കിടയിൽ നടത്തിയ കലാമേള ലോഗോ മത്സരത്തിൽ യോർക്ഷെയർ & ഹംമ്പർ റീജിയനിലെ
കീത് ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയി ആയിരിക്കുന്നത്. കഴിഞ്ഞ വർഷം കലാമേള നഗറിൻ്റെ പേര് നിർദ്ദേശിച്ച് വിജയിയായത് ഫെർണാണ്ടസ് ആയിരുന്നു. ലോഗോ മത്സര വിജയിയെയും ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങിൽ വച്ച് പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.
വെർച്വൽ പ്ലാറ്റ്ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി കഴിഞ്ഞ വർഷം യുക്മ ഏറ്റെടുക്കുമ്പോൾ, മുൻപുള്ള പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വിത്യാസങ്ങൾ കഴിഞ്ഞ വർഷത്തെ കലാമേളക്ക് എടുത്തു പറയുവാനുണ്ടായിരുന്നു. റീജിയണൽ കലാമേളകൾ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഈ വർഷവും ഉണ്ടായിരിക്കില്ല. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കലാമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 വരെയാണ്. ഡിസംബം 5 ഞായറാഴ്ച രാത്രി 12 ന് മുൻപായി, നിബന്ധനകൾ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
അടുത്ത വർഷം മുതൽ യുക്മയുടെ ഏറ്റവും ശക്തി സ്രാേതസായ കലാമേളകൾ സാധാരണ രീതിയിൽ നടത്താവുമെന്ന് പ്രതീക്ഷിക്കുന്നു. യുക്മ സംഘടിപ്പിക്കുന്ന വെർച്വൽ കലാമേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ദേശീയ തലത്തിൽ നേരിട്ട് മത്സരിക്കാൻ സാധിക്കുന്നു എന്നുള്ളതിനാൽ മത്സര രംഗത്തേക്ക് വരുവാൻ താല്പര്യമുള്ള പരമാവധി ആളുകൾക്ക് പങ്കെടുക്കുവാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്.
ദേശീയ കലാമേള വിർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നിട്ട് കൂടി യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള വിജയിപ്പിക്കുവാൻ എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് റീജിയണൽ ഭാരവാഹികളോടും, അംഗ അസോസിയേഷൻ ഭാരവാഹികളോടും പ്രവർത്തകരോടും, ഒപ്പം എല്ലാ യു കെ മലയാളികളോടും യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കലാമേളയുടെ ചുമതലയുള്ള ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ, രജിസ്ട്രേഷൻ്റെ ചുമതലയുള്ള ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ എന്നിവർ അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല