![](https://www.nrimalayalee.com/wp-content/uploads/2021/11/Qatar-Illegal-Residents-Amnesty-.jpg)
സ്വന്തം ലേഖകൻ: വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് തുടരുന്നു. ഡിസംബർ 31 വരെയാണ് കാലാവധി. ആനുകൂല്യം തേടിയെത്തുന്നവർക്ക് അറസ്റ്റ്, പിഴ അടയ്ക്കൽ പോലുള്ള നിയമ നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എല്ലാത്തരം വീസ കാലാവധിയും കഴിഞ്ഞ് അനധികൃതമായി കഴിയുന്നവർക്കും റസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ് 90 ദിവസത്തിന് ശേഷവും ഖത്തറിൽ തുടരുന്നവർക്കും തൊഴിലുടമകൾക്കുമാണ് ആനുകൂല്യം ലഭിക്കുക. പ്രവാസികളുടെ വരവും മടക്കയാത്രയും താമസവും സംബന്ധിച്ച നിയമം ലംഘിച്ചവർക്കാണ് ഒത്തുതീർപ്പിലൂടെ ലംഘനം പരിഹരിച്ച് നിയമവിധേയമായി സ്വദേശങ്ങളിലേക്ക് മടങ്ങാൻ അനുമതി.
ഇളവ് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിനെയോ അല്ലെങ്കിൽ ഉംസലാൽ, ഉംസുനെയിം, മിസൈമീർ, അൽവക്ര, അൽ റയാൻ എന്നിവിടങ്ങളിലെ സർക്കാർ സർവീസ് കേന്ദ്രങ്ങളെയോ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ സമീപിക്കാം.
പാസ്പോർട്ട് കൈവശമുണ്ടാകണം. നാട്ടിലേക്കു പോകാനുള്ള ഓപ്പൺ ടിക്കറ്റ് ഉണ്ടെങ്കിൽ കരുതണം. സെർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിന്റെ കൗണ്ടറിൽ അധികൃതർ പാസ്പോർട്ട് വിലയിരുത്തി മറ്റ് നിയമതടസങ്ങളോ സിവിൽ, ക്രിമിനൽ കേസുകളോ ഉണ്ടോയെന്ന് പരിശോധിച്ച ശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റും എക്സിറ്റ് തീയതിയും നൽകും.
കേസുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ മാർഗനിർദേശങ്ങളും നൽകും. മറ്റ് നിയമ തടസങ്ങൾ ഇല്ലാത്തവരാണെങ്കിൽ പരമാവധി 10 മിനിറ്റിനുള്ളിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. രാജ്യത്തിന് പുറത്തു പോകാനുള്ള തീയതിയും സമയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിലുണ്ടാകും. അധികൃതർ അനുവദിച്ച എക്സിറ്റ് തീയതിയിലേക്ക് ഓപ്പൺ ടിക്കറ്റ് സ്ഥിരീകരിക്കാനുള്ള സൗകര്യവും കൗണ്ടറിൽ ലഭിക്കും.
മറ്റ് നിയമതടസങ്ങൾ ഇല്ലെങ്കിൽ പിഴത്തുക അടച്ചാൽ വീസ ലഭിക്കുന്നത് പ്രകാരം മടങ്ങിയെത്താം. അതേസമയം പിഴത്തുക അടയ്ക്കാതെ പോയാൽ നിയമനടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാമെങ്കിലും തിരികെ ഖത്തറിൽ പ്രവേശിക്കാൻ കഴിയില്ല. തൊഴിലുടമയുടെ തെറ്റുകൊണ്ടാണ് വീസ പുതുക്കാൻ കഴിയാതിരുന്നതെങ്കിൽ പിഴത്തുകയിൽ നിന്ന് വ്യക്തിയെ ഒഴിവാക്കും.
അധികൃതർ അനുവദിച്ച ഇളവിൽ നിശ്ചിത തീയതിയിൽ തന്നെ രാജ്യം വിട്ടില്ലെങ്കിൽ വീണ്ടും നിയമകുരുക്കിൽപ്പെട്ടാൽ ഇളവുകൾ ലഭിക്കില്ല. ആനുകൂല്യം തേടാൻ ഭയം വേണ്ടെന്നും അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല