![](https://www.nrimalayalee.com/wp-content/uploads/2021/10/Idukki-Dam-Shutters-Open-Kerala-Rains.jpg)
സ്വന്തം ലേഖകൻ: മഴ കനത്തതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേയ്ക്കൊഴുകും. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നുവിടും. ജാഗ്രതാ നിർദേശം നൽകിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140.10 അടിയായി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഉച്ചയോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയായി. ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാം തുറക്കുമെന്നാണ് റിപ്പോർട്ട്. 141 അടിയാണ് ഡാമിൽ പരമാവധി സംഭരിക്കാവുന്ന റൂൾകർവ്. പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. 400 ഘനയടി വെള്ളമാണ് ഇപ്പോൾ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം തമിഴ്നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘന അടിയായി വർധിപ്പിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം.
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 14-ാം തീയതി എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററിന് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
14-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 15-ാം തീയതി എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല