![](https://www.nrimalayalee.com/wp-content/uploads/2020/07/Kuwait-expat-quota-bill-All-you-need-to-know.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള അമീർ ഉത്തരവ് ഞായറാഴ്ച പ്രാബല്യത്തിലാകുമെന്ന് റിപ്പോർട്ട്. വിദേശരാജ്യങ്ങളിൽ അഭയം തേടിയ പ്രതിപക്ഷ നേതാക്കൾ ഒരാഴ്ചക്കകം തിരിച്ചെത്തി ത്തുടങ്ങുന്നുമെന്നാണ് സൂചന.
ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് അമീർ നൽകിയ പൊതുമാപ്പ് പ്രാബല്യത്തിലാകുന്നത്. ഇതോടെ പാർലിമെന്റ് കയ്യേറ്റക്കേസിലും മറ്റും ഉൾപ്പെട്ട വിദേശങ്ങളിൽ രാഷ്ട്രീയ അഭയം തേടിയ മുൻ എംപിമാർ ഉൾപ്പെടെയുള്ളവർക്ക് മാതൃരാജ്യത്തേക്ക് തിരികെയെത്താം. ഗസറ്റ് വിജ്ഞാപനം മുതൽ ഒരുമാസത്തെ സാവകാശമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അനുവദിക്കുക.
മുൻ എംപിമാർ ഉൾപ്പെടെ നിരവധി പേർ തുർക്കിയിലും ബ്രിട്ടനിലും കഴിയുന്നുണ്ട്. പാർലമെൻറ് ആക്രമണ കേസിൽ കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് തുർക്കിയിലേക്ക് പോയ മുസല്ലം അൽ ബർറാക് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയ പൊതുമാപ്പിനെ തുടർന്ന് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ തന്നെ ചിലർ എത്തുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന്റെ നിർദേശപ്രകാരം സുപ്രീം കോടതി സംഘടിപ്പിച്ച ദേശീയ സംവാദത്തിന്റെ തുടർച്ചയായാണ് പൊതുമാപ്പ് അനുവദിച്ചത്. സംവാദത്തിൽ പ്രതിപക്ഷ എം.പിമാർ പ്രധാനമായും ആവശ്യപ്പെട്ടത് രാഷ്ട്രീയ കേസുകളിലെ പൊതുമാപ്പും അഭിപ്രായ സ്വാതന്ത്രം ഉറപ്പുവരുത്തലും ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല