![](https://www.nrimalayalee.com/wp-content/uploads/2021/01/Kuwait-Expat-Teachers-Exit-Permit.jpg)
സ്വന്തം ലേഖകൻ: ഈ അക്കാദമിക വര്‍ഷത്തില്‍ വിദേശികളായ സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കായികാധ്യാപകര്‍ എന്നിവരെ സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതായി കുവൈത്ത് അധികൃതര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ തസ്തികയിലുള്ളവരെ മാറ്റി പകരം കുവൈത്ത് പൗരന്‍മാരെ നിയമിക്കില്ലെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഓഫീസുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിടാന്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതായും പത്രം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ പ്രവാസി ജീവനക്കാരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മരവിപ്പിക്കാന്‍ കമ്മീഷന്‍ ധനകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കും.
വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ജോലികളില്‍ ആദ്യമായി കുവൈത്ത് പൗരന്‍മാരെ വേണം പരിഗണിക്കാനെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷം വിദേശികളെ വിവാഹം ചെയ്ത കുവൈത്ത് സ്ത്രീകളുടെ മക്കളെ പരിഗണിക്കണം. തുടര്‍ന്ന് ജിസിസി പൗരന്‍മാര്‍, ബദവികള്‍, മറ്റ് അറബ് പൗരന്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ രൂക്ഷമായി തുടരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
രാജ്യത്തെ 46 ലക്ഷം വരുന്ന മൊത്തം ജനസംഖ്യയില്‍ 34 ലക്ഷം പേരും വിദേശികളാണെന്നാണ് കണക്കുകള്‍. വിദേശികളുടെ എണ്ണം പരമാവധി നിയന്ത്രിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഏറിയ പങ്കും പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന ആക്ഷേപവും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് കുവൈത്ത് വല്‍ക്കരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍ രാജ്യം സ്വീകരിച്ചുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല