![](https://www.nrimalayalee.com/wp-content/uploads/2021/06/UAE-Midday-Break-Rules-Guidelines-.jpg)
സ്വന്തം ലേഖകൻ: തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച് യുഎഇ. തൊഴില്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2021ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 ഹ്യൂമൻ റിസോഴ്‌സ് പ്രകാരം ആണ് പുതിയ നിയമങ്ങള്‍ എത്തിയിരിക്കുന്നത്. 2022 ഫെബ്രുവരി രണ്ടു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ ആണ് നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ തൊഴിൽ ബന്ധങ്ങൾ കൂടുതൽ അയവുള്ളതാകുമെന്നാണ് ഇതിലൂടെ യുഎഇ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, രേഖകൾ അനധികൃതമായി പിടിച്ചെടുക്കൽ എന്നിവയെന്നും ഇനി നടക്കില്ല. ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്നതാണ് പുതിയ നിയമത്തില്‍ പറയുന്നത്. എമിറാത്തി കേഡറുകളുടെ പങ്കാളിത്തവും മത്സരശേഷിയും വർധിപ്പിക്കാന്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
തൊഴില്‍ വിപണിയില്‍ സ്ത്രീ ശാക്തീകരണം കൂടുതല്‍ കൊണ്ടുവരാന്‍ സാധിക്കും. തൊഴിൽ വിപണിയിലെ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നിയമം പിന്തുണയ്ക്കുന്നുവെന്ന് മിറേറ്റൈസേഷൻ മന്ത്രി അൽ അവാർ പറഞ്ഞു.
തൊഴിലാളികള്‍ക്ക് നല്‍ക്കുന്ന പ്രൊബേഷൻ ആറുമാസത്തിൽ കൂടരുത്. തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ അനാവശ്യമായി പിടിച്ചുവെക്കരുത്. ഒരു ബിസിനസ്സ് സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിയെ പെട്ടെന്ന് അനുവദിക്കുന്നതാണ് പുതിയ നിയമം. തൊഴിൽ കാലാവധിയുടെ അവസാനം രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കുന്നത് ഈ നിയമം വരുന്നതിലൂടെ തടയാന്‍ സാധിക്കും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുനൽകുന്നതിനും വേണ്ടിയാണ് പുതിയ നിയമം കൂടുതല്‍ ലക്ഷ്യം വെക്കുന്നതെന്ന് ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ പറഞ്ഞു.
എക്സിക്യൂട്ടീവ് റെഗുലേഷൻസ് നിര്‍ണയിക്കുന്ന വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായാണ് ഒരു ജീവനക്കാരന്‍റെ പ്രൊബേഷൻ കാലയളവ് തീരുമാനിക്കുന്നത്. ഇത് ആറ് മാസത്തില്‍ കൂടരുതെന്നാണ് പുതിയ നിയമം പറയുന്നത്. തൊഴിൽ കേസുകളെ ജുഡീഷ്യൽ ഫീസിൽ നിന്ന് ഒഴിവാക്കും. കൂടാതെ മത്സരശേഷിയും ഉൽപാദനക്ഷമതയും വര്‍ധിപ്പിക്കുകയും തൊഴിൽ വിപണിയുടെ വഴക്കവും സുസ്ഥിരതയും വർധിപ്പിക്കാനും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുനൽക്കുന്നതുമാണ് പുതിയ നിയമം.
ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്നത് രാജ്യത്തെ ബിസിനസ് രംഗത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും തൊഴിൽ വിപണിയുടെ മത്സരക്ഷമതയും ഉൽപാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും എന്ന് ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല