![](https://www.nrimalayalee.com/wp-content/uploads/2021/11/Qatar-Indian-Expat-Organizations-Human-Rights-Department.jpg)
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ മനുഷ്യാവകാശ ദിനത്തിന്റെയും രാജ്യാന്തര സഹിഷ്ണുതാ ദിനാചരണത്തിന്റെ ഭാഗമായി ദോഹയിലെ വിവിധ ഇന്ത്യൻ സംഘടനകളെ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ആദരിച്ചു. പ്രവാസി കമ്യൂണിറ്റി സംഘടനകളുടെ നിസ്തുലമായ മാനുഷിക സേവനങ്ങൾ കണക്കിലെടുത്താണ് ആദരവ് നൽകിയത്. ഇന്ത്യൻ സംഘടനകളിൽ ഇന്ത്യൻ എംബസി അപ്പെക്സ് സംഘടനകളായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി), ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ഫിൻക്യു, ഖത്തർ കെഎംസിസി എന്നിവയെയാണ് ആദരിച്ചത്.
സിവിൽ ഡിഫൻസിലെ ഓഫിസേഴ്സ് ക്ലബിൽ നടന്ന പരിപാടിയിൽ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് അസി.ഡയറക്ടർ കേണൽ സാദ് സലിം അൽ ദോസരി, ഡോ.അബ്ദുൾ ലത്തീഫ് ഹുസൈൻ അൽ അലി, വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് പ്രതിനിധി അബ്ദുല്ല മഹ്ദി അൽ യാമി, മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥർ, കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐസിസി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഖത്തർ കെഎംസിസി പ്രസിഡന്റ് സാം ബഷീർ, ഫിൻക്യു പ്രതിനിധികൾ എന്നിവർ ആദരവ് ഏറ്റുവാങ്ങി. തുനീഷ്യ, യമൻ, മൊറോക്കോ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, ഇന്തോനേഷ്യ, അഫ്ഗാനിസ്താൻ, സോമാലിയ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള കമ്യൂണിറ്റി നേതാക്കളെയും ആദരിച്ചു.
കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിനുവേണ്ടിയും വിവിധ കമ്യൂണിറ്റികളുടെ ശാക്തീകരണത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മനുഷ്യവകാശ ദിനത്തിലെ ആദരവ്.
സമൂഹത്തിെൻറ എല്ലാവിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിെൻറയും പിന്തുണക്കുന്നതിെൻറയും ഭാഗമാണ് ഇത്തരമൊരു ചടങ്ങെന്ന് കേണൽ അൽ ദോസരി പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്.
രാജ്യത്തെ വിവിധ സമൂഹങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ദേശീയ നിയമങ്ങൾക്കും നിയമനിർമാണ സംവിധാനങ്ങൾക്കും കീഴിലെ അവകാശങ്ങൾ ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യം. ഈ ചടങ്ങിലൂടെ രാജ്യത്തെ വിവിധ കമ്യൂണിറ്റി നേതാക്കൾ ആദരിക്കപ്പെടുകയാണ്. ഓരോരുത്തരുടെയും സംസ്കാരിക വൈവിധ്യത്തെയും സ്വാതന്ത്ര്യത്തെയും ആരാധനയെയും ആദരിക്കുന്നു.
എല്ലാ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുക എന്നത് ഖത്തറിെൻറ സംസ്കാരവും മൂല്യവുമാണ്. ഇതുവഴി, വിവിധ സാമൂഹിക സംഘടനകളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും കഴിയുമെന്ന് അസി. ഡയറക്ടർ കേണൽ സഅദ് സലിം അൽ ദോസരി പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ സമൂഹങ്ങൾക്കിടയിൽ നിർണായക ഇടപെടലുകൾ നടത്തിയവരാണ് ഐ.സി.സി, ഐ.സി.ബി.എഫ്, കെ.എം.സി.സി സംഘടനകൾ.
കോവിഡ് കാലത്ത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആതുര സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഖത്തറിലെ നഴ്സുമാരുടെ വലിയൊരു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസിനും ഈ അംഗീകാരം കോവിഡ് കാലത്തെ ആതുരസേവനത്തിനുള്ള ആദരവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല