സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു മാസത്തിനിടെ 120 പേരാണ് രാജ്യത്ത് സ്വയം ജീവനൊടുക്കിയത്. എന്ത് കൊണ്ടാണ് ആത്മഹത്യ വര്‍ധിക്കുന്നതെന്ന് പഠനം നടത്തുമെന്നു ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു. 2020 ല്‍ 90 ആത്മഹത്യകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം പത്തുമാസത്തിനുള്ളില്‍ തന്നെ ഇത് 120 ലെത്തി. പ്രതിമാസം ശരാശരി 12 പേര് ആത്മഹത്യ ചെയ്യുന്നു എന്ന് സാരം.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ തൊഴിലാളികളിലാണ് ആത്മഹത്യ പ്രവണത കൂടുതല്‍. കുവൈത്തികളും പട്ടികയിലുണ്ട്.നിരവധി ആത്മഹത്യ ശ്രമങ്ങള്‍ അധികൃതര്‍ ഇടപെട്ട് രക്ഷിച്ചിട്ടുണ്ട്. ശൈഖ് ജാബിര്‍ പാലത്തില്‍നിന്ന് കടലില്‍ ചാടിയുള്ള ആത്മഹത്യശ്രമങ്ങള്‍ തടയാന്‍ പൊലീസ് ജാഗ്രത വര്‍ധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി ശനിയാഴ്ച രണ്ടു കുവൈത്ത് പൗരന്മാര് ഉള്‍പ്പെടെ മൂന്നു പേരാണ് സ്വയം ജീവനൊടുക്കിയത്.
ആത്മഹത്യ പ്രവണത വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ വിശദമായ പഠനം നടത്തുമെന്നും പരിഹാര നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും നാഷനല്‍ ഓഫീസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. കോവിഡ് കാലം സൃഷ്ടിച്ച തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മാനസികാഘാതവുമാണ് ആത്മഹത്യ വര്‍ധിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല