സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് അടുത്ത മാസം രണ്ടു വർഷം തികയാനിരിക്കുകയാണ്. 2019 ഡിസംബറിലായിരുന്നു ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് പടർന്നുപിടിക്കുന്നത്. എന്നാൽ, ഒരു അക്കൗണ്ടന്റ് ആയിരുന്നു ആദ്യത്തെ കോവിഡ് രോഗി എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്.
എന്നാൽ, വൈറസ് ഉത്ഭവത്തെക്കുറിച്ചുള്ള പുതിയൊരു പഠനം വ്യക്തമാക്കുന്നത് വുഹാനിലെ ഒരു മാർക്കറ്റിൽനിന്നുള്ള മത്സ്യവ്യാപാരിക്കാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതെന്നാണ്. അരിസോണ സർവകലാശാലയിലെ ഇക്കോളജി ആൻഡ് ഇവല്യൂഷനറി ബയോളജി വിഭാഗം മേധാവി മൈക്കൽ വോറോബിയുടെ നേതൃത്വത്തിൽ നടന്ന പുതിയ പഠനത്തിലാണ് പുതിയ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നത്.
ശാസ്ത്ര ജേണലായ ‘സയൻസി’ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വുഹാൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ഹുവാനനിലെ മാംസ, മത്സ്യ മാർക്കറ്റിലെ ഒരു വനിതാ വ്യാപാരിക്കാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതെന്ന് പഠനത്തിൽ പറയുന്നു. 2019 ഡിസംബർ 11നായിരുന്നു ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിനുശേഷം വേറെയും ആളുകളിൽ വൈറസ് കണ്ടെത്തിയ ശേഷമാണ് പ്രഥമ കോവിഡ് രോഗിയെന്ന് ഇതുവരെ കരുതപ്പെട്ടിരുന്നയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഡിസംബർ 16നായിരുന്നു ഇത്. ഒരു ലബോറട്ടറിയിൽ നിന്നാണ് കോവിഡ് പടർന്നതെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നത്.
എന്നാൽ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് സ്വാഭാവികമായി പകർന്നതാകും കോവിഡെന്ന് ഈ വർഷം ആദ്യത്തിൽ ചൈനയും ഡബ്ല്യുഎച്ച്ഒയും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്നും അന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല