1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200ൽ അധികമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും ഒരു ഹെലിപോർട്ട് എങ്കിലും സ്ഥാപിക്കാനാണ് തീരുമാനം. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പൂർണ്ണ സഹകരണം ഇതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരുകൾ മൂലധന പിന്തുണ നൽകേണ്ടത് അനിവാര്യമാണ്. കൂടാതെ വ്യോമയാന മേഖലയിൽ പ്രവർത്തന ചെലവിന്റെ കൂടുതൽ ഭാഗവും വഹിക്കേണ്ടി വരുന്ന ഇന്ധനത്തിന്റെ വാറ്റ് സംസ്ഥാനങ്ങൾ കുറയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ വ്യോമയാന മേഖലയിലുള്ള പ്രവർത്തന ചെലവിൽ വലിയ കുറവ് വരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കേരളത്തിലെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സാദ്ധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2020 ഓഗസ്റ്റിൽ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് വിമാനത്താവളത്തിന്റെ വരുമാനത്തെ വലിയതോതിൽ ബാധിച്ചു. കോഴിക്കോടിനെ ഈ വർഷം ഹജ്ജ് എമ്പാർക്കേഷൻ പോയിന്റായി പരിഗണിക്കുക പ്രയാസമാണെങ്കിൽ കണ്ണൂർ വിമാനത്താവളത്തെ ഈ വർഷം തൽക്കാലം എമ്പാർക്കേഷൻ പോയിന്റാറായി പരിഗണിക്കണമെന്ന നിർദ്ദേശത്തിനും കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചുവെന്ന് അബ്ദുൾറഹിമാൻ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.