പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന് മരണപ്പെടുന്നതിനു മുന്‍പു സ്വയം മയക്കുമരുന്നു കുത്തിവച്ചിട്ടില്ലെന്നു മെഡിക്കല്‍ വിദഗ്ധന്‍. കൊളംബിയ യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഡോക്റ്റര്‍ സ്റ്റീവന്‍ ഷാഫെര്‍ വിചാരണ കോടതിയിലാണ് ഇക്കാര്യമറിയിച്ചത്. ജാക്സന്റെ പഴ്സണല്‍ ഡോക്റ്റര്‍ കൊണാര്‍ഡ് മുറെ വിചാരണ വേളയില്‍ നല്കിയ മൊഴി ഡോക്റ്റര്‍ ഷാഫെര്‍ തള്ളി. ഇതു സംബന്ധിച്ച രേഖാമൂലമുള്ള അഭിപ്രായങ്ങള്‍ ഡോക്റ്റര്‍ ഷെഫര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഐവി പ്രൊപൊഫോള്‍ ഡ്രിപ്പാണു ജാക്സന്റെ മരണത്തിന് ഇടയാക്കിയത്. ഈ സമയം ഡോക്റ്റര്‍ മുറെ മുറിക്കു പുറത്തായിരുന്നു. 100 മില്ലി ലിറ്റര്‍ പ്രൊപൊഫോള്‍ ജാക്സനു നല്കി. എന്നാല്‍ 25 മില്ലി ലിറ്റര്‍ ആയിരുന്നു നല്‍കേണ്ടത്. ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ വരവു പ്രൊപൊഫോള്‍ തടയുകയും തുടര്‍ന്നു മരണം സംഭവിക്കുകയും ചെയ്തിരിക്കാമെന്നു ഡോക്റ്റര്‍ ഷെഫര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ പ്രൊപൊഫോള്‍ ഡ്രിപ്പ് കോടതിയിലെത്തിച്ചു തന്റെ വാദം ഡോക്റ്റര്‍ ഷാഫെര്‍ സമര്‍ഥിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ഡോക്റ്റര്‍ മുറെ കോടതിയില്‍ നിഷേധിച്ചു. ജാക്സന് ഉയര്‍ന്ന അളവില്‍ മയക്കുമരുന്നു കുത്തിവച്ചിരിക്കാമെന്നു മുറെ അന്വേഷണ വേളയില്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല