സ്വന്തം ലേഖകൻ: ആളുകള്‍ വലിച്ചുതള്ളുന്ന സിഗരറ്റ് കുറ്റികളില്‍നിന്നു മാസം ലക്ഷങ്ങളും കോടികളുമാണ് നോയിഡ സ്വദേശികളായ നമാന്‍ ഗുപ്തയും വിപുല്‍ ഗുപ്തയും ഉണ്ടാക്കുന്നത്. സിഗരറ്റ് കുറ്റികള്‍ ചുറ്റുപാടുകളെ വൃത്തിഹീനമാക്കുന്നതിനൊപ്പം പരിസ്ഥിതിയെ മലിനപ്പെടുത്തുക കൂടിയാണു ചെയ്യുന്നത്.
ഉപയോഗിച്ചു തള്ളുന്ന ഒരു സിഗരറ്റ് കുറ്റി മണ്ണില്‍ അലഞ്ഞുതീരാന്‍ 10 വര്‍ഷമെങ്കിലും എടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറ്റികളുടെ ഈ സവിശേഷതയാണ് സഹോരങ്ങളെ ആകര്‍ഷിച്ചത്.
കണക്കുകള്‍ പ്രകാരം, ലോകമെമ്പാടും ഏകദേശം 4.5 ട്രില്യണ്‍ സിഗരറ്റ് കുറ്റികള്‍ ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നുണ്ട്. ഇന്ത്യയില്‍ മാത്രം ഏകദേശം 12 കോടി പുകവലിക്കാരുണ്ട്. ആര്‍ക്കും ഉപകാരമില്ലാതെ പുറന്തള്ളപ്പെടുന്ന സിഗരറ്റ് കുറ്റികളില്‍നിന്നു ആരേയും ആകര്‍ഷിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നു തെളിയിക്കുകയാണ് 27 വയസുകാരനായ നമാന്‍ ഗുപ്തയും 29 വയസുകാരനായ വിപുല ഗുപ്തയും.
വിഷലിപ്തമായ സിഗരറ്റ് കുറ്റികള്‍ ഉപയോഗപ്രദമായ വസ്തുക്കളാക്കി പുനരുല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യയാണ് ഗുപ്ത സഹോദരന്മാര് കണ്ടെത്തിയത്. കൊതുകുകളെ അകറ്റുന്ന മരുന്നുകള്‍, മെത്തകള്‍, സോഫ്റ്റ് കളിപ്പാട്ടങ്ങള്‍, കീ ചെയിനുകള്‍, തലയിണകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ഈ സംരംഭം നിർമ്മിക്കുന്നുണ്ട്. സിഗരറ്റ് കുറ്റിയില്‍നിന്ന് ഏകദേശം 15 ഓളം ഉല്‍പ്പന്നങ്ങളാണ് ഉണ്ടാക്കുന്നത്.
ഉപഭോക്താക്കള്‍ക്കായി നിരവധി ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉല്‍പ്പന്നങ്ങളില്‍ ലോഗോയോ ഫാമിലി ഫോട്ടോയോ ചേര്‍ക്കാം. 2018-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോഡ് എഫോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഏകദേശം 30 ലക്ഷം സിഗരറ്റ് കുറ്റികള്‍ റീസൈക്കിള്‍ ചെയ്യ്തു. ഇതില്‍നിന്നുള്ള വിറ്റുവരവ് രണ്ടു കോടി രൂപയാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു കൊമേഴ്സില്‍ ബിരുദം നേടുന്നതിനിടെയാണ് കോളജിലും അടുത്തുള്ള ചായക്കടകളിലും നിരവധി വിദ്യാര്‍ഥികള്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതു നമന്‍ ശ്രദ്ധിച്ചത്.
സിഗരറ്റ് കുറ്റികള്‍ ദ്രവിക്കാന്‍ ഏറെ സമയമെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ സഹോദരന് വിപുലുമായി ചേര്‍ന്ന് നമാന്‍ മാലിന്യം നീക്കം ചെയ്യാന്‍ തീരുമാനിക്കുകയും അത് പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു. റീസൈക്ലിങ് കമ്പനിയെന്ന ആശയത്തിന്റെ തുടക്കമായിരുന്നു ഇത്.
സിഗരറ്റ് കുറ്റികള്‍ കൃത്യമായ രീതിയില്‍ സംസ്കരിക്കാന്‍ സംവിധാനമില്ലാത്തതാണ് ആളുകള്‍ വലിച്ചെറിയാന്‍ കാരണമെന്നു മനസിലാക്കിയ സഹോദരങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഉപയോഗിച്ച കുറ്റികള്‍ ശേഖരിക്കാന്‍ 20 ലക്ഷം രൂപയുടെ ഒരു പദ്ധതി രൂപീകരിച്ചു. ഒരു സിഗരറ്റ് കുറ്റിയില്‍ സാധാരണയായി മൂന്ന് ഭാഗങ്ങളാണുള്ളത്. പേപ്പര്‍ റാപ്പര്‍, പുകയിലയുടെ അവശിഷ്ടങ്ങള്‍, കൂടാതെ സെല്ലുലോസ് അസറ്റേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ഫില്‍ട്ടര്‍. ഈ ഫില്‍ട്ടര്‍ ഒരു തരം പോളിമറാണ്.
ശേഖരിക്കുന്ന കുറ്റികള്‍ ഭാഗങ്ങളായി വേര്‍പെടുത്തിയ ശേഷം, പുകയില അവശിഷ്ടങ്ങള്‍ 30 ദിവസത്തെ എയ്റോബിക് പ്രക്രിയയിലൂടെ വിഘടിപ്പിച്ച് ജൈവ കമ്പോസ്റ്റ് പൊടിയാക്കും. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഇവ നഴ്സറികള്‍ക്കു വില്‍ക്കും. കടലാസ് പൊടിച്ച് പള്‍പ്പ് ഉണ്ടാക്കുന്നു, അത് എണ്ണയും ഒരു ഓര്‍ഗാനിക് ബൈന്‍ഡറും ഉപയോഗിച്ച് ലയിപ്പിക്കും. ഈ പള്‍പ്പ്, നാരങ്ങ- യൂക്കാലിപ്റ്റസ്, സിട്രോനെല്ല ഓയില്‍, പികാരിഡിന്‍ എന്നിവയുടെ എണ്ണയുമായാണ് ചേര്‍ക്കുന്നത്.
ഇതു മികച്ച ഒരു കൊതുക് നാശിനിയാണെന്ന് സിവില്‍ എന്‍ജിനീയറായ വിപുല്‍ പറയുന്നു. ഈ സെമി- ലിക്വിഡ് മെറ്റീരിയല്‍ പേപ്പര്‍ ഷീറ്റുകളാക്കി, വലുപ്പത്തില്‍ മുറിച്ച് ‘Nmosq’ എന്ന ബ്രാന്‍ഡില്‍ കൊതുക് മാറ്റുകളായി വില്‍ക്കുന്നു. പോളിമര്‍ ഫൈബര്‍ ജൈവ- ഡീഗ്രേഡബിള്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ ഉപയോഗിച്ച് രാസപരമായി സംസ്കരിച്ച് പരുത്തിയോട് സാമ്യമുള്ള ഒരു ഉല്‍പ്പന്നമായി മാറ്റും. ചണം, സെക്വിന്‍ അല്ലെങ്കില്‍ വെല്‍വെറ്റ് എന്നിവകൊണ്ട് നിര്‍മ്മിച്ച മെത്തകളും തലയിണകളും ഉള്‍പ്പെടെയുള്ള അവരുടെ പല ഉല്‍പ്പന്നങ്ങള്‍ക്കും ഇത് സ്റ്റഫിങ് മെറ്റീരിയലായി ഉപയോഗിക്കുന്നു.
Vmake എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഈ വസ്തുക്കള്‍ വില്‍ക്കുന്നത്. പോളിമര്‍ റീസൈക്ലിങ് വഴി ഉല്‍പ്പാദിപ്പിക്കുന്ന മലിനജലം വീണ്ടും ഉപയോഗിക്കുകയും പ്രക്രിയ പൂര്‍ണമായും കാര്‍ബണ്‍ ന്യൂട്രല്‍ ആണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. അസംസ്കൃത വസ്തുക്കള്‍ക്കായി അധികം പണം ചെലവിടേണ്ടി വരുന്നില്ലെന്നതാണ് സഹോദരങ്ങളുടെ ആശയത്തിന്റെ പ്രധാന സവിശേഷത. റീസൈക്കിള്‍ യൂണിറ്റില്‍ മൂന്ന് മുഴുവന്‍ സമയ ജീവനക്കാരും ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഒരു ടീമും ഉണ്ട്.
ഏകദേശം 40- 50 സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ തലയണകള്‍, മെത്തകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബ്നധപ്പെട്ട് തയ്യല്‍ ജോലികള്‍ ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതെങ്കിലും ആമസോണിലോ ഫ്ളിപ്കാര്‍ട്ടിലോ മിന്ത്രയിലോ കാണില്ല. അടുത്തിടെ സ്വന്തമായി ഒരു വെബ്സൈറ്റ് അവര്‍ ആരംഭിച്ചിരുന്നു.
കുറ്റികളുടെ ശേഖരണം വെല്ലുവിളിയാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ 80 ജില്ലകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 748 ജില്ലകളില്‍ 200 എണ്ണത്തിലും കമ്പനിക്കു നിലവില്‍ ശേഖരണ കേന്ദ്രങ്ങളുണ്ട്. രാജ്യത്തുടനീളം കുറ്റികള്‍ ശേഖരിച്ച് നോയിഡയിലെ അവരുടെ ഫാക്ടറിയിലേക്ക് അയയ്ക്കുന്ന നൂറോളം കരാറുകാരെ കമ്പനി നിയമിച്ചിട്ടുണ്ട്. ഓരോ കരാറുകാരുടേയും കീഴില്‍ 15-20 പേര് ജോലി ചെയ്യുന്നുണ്ട്. പ്രതിമാസം ശരാശരി 6,000- 7,000 കിലോ സിഗരറ്റ് കുറ്റികളാണ് കമ്പനിക്ക് ലഭിക്കുന്നത്. മാലിന്യത്തിന്റെ ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 500- 800 രൂപയാണ് കമ്പനി നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല