1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2011

വീടിനു പിന്നില്‍ വിഷപ്പാമ്പുകളെ വളര്‍ത്തരുതെന്നു പാക്കിസ്ഥാനോടു യുഎസ്. അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്നു വിചാരിച്ചു വിഷപ്പാമ്പിനെ വളര്‍ത്തരുത്. ആരു പിന്‍മുറ്റത്തേക്കു ചെന്നാലും പാമ്പു കടിക്കും. ആളുകളെ നോക്കിയിട്ടല്ല അതു കടിക്കുക. ഹക്വാനി ശൃംഖലയ്ക്കു പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചാണു പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയെ അരികിലിരുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെ നിശിത വിമര്‍ശനം.

പാക്- യുഎസ് ബന്ധം എത്രമാത്രം വഷളായി എന്നതിന്‍റെ പ്രത്യക്ഷ സൂചനയുമാണു ഹിലരിയുടെ പ്രസ്താവന. കഴിഞ്ഞദിവസം പാക്കിസ്ഥാനിലെത്തിയ ഹിലരി, റബ്ബാനിയുള്‍പ്പെടെ പാക് ഭരണകൂടത്തിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിയിരുന്നു. ഹക്വാനി ശൃംഖലയുള്‍പ്പെടെ ഭീകര സംഘടനകള്‍ക്കെതിരേ നടപടി കര്‍ക്കശമാക്കാനാവശ്യപ്പെട്ടാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം.

പാക് മണ്ണ് ഭീകരര്‍ താവളമാക്കിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഏറെക്കാലം ഇതു തുടരാന്‍ അവര്‍ക്കാവില്ല. നിരപരാധികളെ അപായപ്പെടുത്തുന്നത് ഏതു രാജ്യക്കാരായാലും അനുവദിച്ചുകൊടുക്കാനാവില്ല- ഹിലരി വ്യക്തമാക്കി. ഭീകരര്‍ക്കെതിരേ ഏകപക്ഷീയ നടപടിയെടുത്താല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പത്തു തവണ ചിന്തിച്ചിട്ടേ ആക്രമണം നടത്താവൂ എന്നും പാക് കരസേനാ മേധാവി അഷ്ഫാഖ് പര്‍വേസ് കായാനി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

ഇതെക്കുറിച്ചുള്ള ചോദ്യത്തിന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാനോ ഇറാക്കോ അല്ലെന്ന വാദത്തോടു യോജിക്കുന്നുവെന്ന് ഹിലരിയുടെ മറുപടി. പാക്കിസ്ഥാന് ആഭ്യന്തരവും രാജ്യാന്തരവുമാ വിഷയങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇതിനു യുഎസ് സഹകരിക്കും.

ഹിലരിയുടെ പ്രസ്താവനയോടു ഹിന പ്രതികരിച്ചില്ല. സമാധാനത്തിന് ഒരു അവസരം എന്നു രാജ്യത്തെ പ്രധാന കക്ഷികള്‍ ചേര്‍ന്നു പാസാക്കിയ പ്രമേയം യാഥാര്‍ഥമാക്കാനായിരിക്കും ശ്രദ്ധയെന്ന് അവര്‍. എന്തൊക്കെ ചെയ്യണം എന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലല്ല പാക്- യുഎസ് ബന്ധം. അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിലാണു ശ്രദ്ധ വേണ്ടതെന്നും ഹിന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.