സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജിഡിപി 2022ൽ 9.1 ശതമാനമായി ഉയരുമെന്ന് ഗോൾഡ്മാൻ സാക്സ്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ വലിയ വളർച്ച നേടുമെന്നാണ് വാൾസ്ട്രീറ്റ് ബ്രോക്കറേജ് ഗോൾഡ്മാൻ സാക്സ് കണക്കാക്കുന്നത്. 2020 ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുത്തനെ ഏഴ് ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ വലിയതോതിലുളള തിരിച്ചുവരവാണ് ഇന്ത്യൻ വിപണിയിൽ പിന്നീട് ദൃശ്യമായത്. ഗോൾഡ്മാൻ സാക്സിന്റെ വിലയിരുത്തലിൽ സമ്പദ്വ്യവസ്ഥ 2021ൽ എട്ട് ശതമാനവും 2022ൽ 9.1 ശതമാനവും വളരുമെന്ന് കണക്കാക്കുന്നു.
2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 11.1 ശതമാനമായി ഉയരുമെന്ന് നേരത്തെ കണക്കാക്കിയിരുന്നു. ഉപഭോഗവും നിക്ഷേപവും 2022ലെ വളർച്ചയുടെ പ്രധാന ചാലകങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നു. 2022ലെ വളർച്ചയ്ക്ക് ഉപഭോഗം ഒരു പ്രധാന സംഭാവനയാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് വിലയിരുത്തൽ. കൊറോണ മഹാമാരിയെ നേരിടുന്നതിൽ ശ്രദ്ധേയമായ പുരോഗതിയാണ് രാജ്യം കൈവരിച്ചത്. വാക്സിനേഷനിലും വളരെ മുന്നേറാനായി. ഇത് സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിന് കാരണമായതായി ഗോൾഡ്മാൻ സാക്സ് റിപ്പോർട്ടിൽ പറഞ്ഞു.
സർക്കാർ മൂലധന ചെലവ് തുടരുമെന്നും, സ്വകാര്യ കോർപ്പറേറ്റ് കാപെക്സ് വീണ്ടെടുക്കലിന്റെ പുതിയ അടയാളങ്ങൾ കാണുമെന്നും വ്യക്തമാക്കുന്നു. ഭവന നിക്ഷേപത്തിലെ പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നതായും വിലയിരുത്തുന്നു. പണപ്പെരുപ്പം 2021ലെ 5.2 ശതമാനത്തിൽ നിന്ന് 2022ൽ 5.8 ശതമാനമായി ഉയരുമെന്നും ബ്രോക്കറേജ് പ്രവചിക്കുന്നു. ഉയർന്ന എണ്ണവിലയും ആഭ്യന്തര ഡിമാൻഡ് വീണ്ടെടുപ്പും കണക്കിലെടുത്ത് കറണ്ട് അക്കൗണ്ട് തുറക്കാൻ പോകുകയാണെന്നും, ഗോൾഡ്മാൻ സാക്സിന്റെ അനുമാനത്തിൽ കമ്മി, ജിഡിപിയുടെ 0.9 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി ഉയരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല