1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2011
 
  ഭാരതീയ ഭാഷകളുടെയെല്ലാം ആത്മാവറിഞ്ഞാണ് പാടാറുള്ളതെന്നും ഗായിക എന്ന നിലയ്ക്ക് ഏതെങ്കിലും ഭാഷയോട് മാത്രം പ്രത്യേക മമതയില്ലെന്നും പ്രശസ്ത പിന്നണിഗായിക ശ്രേയ ഗോഷല്‍. ടി.കെ. രാജീവ്കുമാറിന്റെ സംവിധാനത്തില്‍, വീണ്ടും ചിത്രീകരിക്കുന്ന ‘രതിനിര്‍വേദ’ത്തിനായി പിന്നണി പാടാനെത്തിയ ശ്രേയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇതാദ്യമായാണ് ശ്രേയ കേരളത്തില്‍ ഗാനം റെക്കോര്‍ഡ് ചെയ്യാനെത്തുന്നത്.

അവാര്‍ഡുകള്‍ ചിത്രശലഭത്തെപ്പോലെയാണ്. പിറകേചെന്നാല്‍ കിട്ടില്ല. സ്വാഭാവികമായി എത്തിച്ചേരേണ്ടതാണ് അംഗീകാരങ്ങള്‍-ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളില്‍ പാടുകയും നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുള്ള ശ്രേയ പറഞ്ഞു. ഗാനങ്ങള്‍ ആസ്വാദകര്‍ നന്നായി സ്വീകരിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ഏറെ കാഠിന്യമുള്ള ഭാഷയായ മലയാളത്തില്‍ താന്‍ പാടിയ പാട്ടുകള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ‘രതിനിര്‍വേദ’ത്തിനായി പാടുമ്പോള്‍ വരികളുടെ ആത്മാവ് ഉള്‍പ്പെടെ സംഗീതസംവിധായകന്‍ ജയചന്ദ്രന്‍ മനസ്സിലാക്കിത്തന്നിരുന്നു.

പല പല ഭാഷകളില്‍ പാടുക എന്നത് സംസ്‌കാരങ്ങളെ മനസ്സിലാക്കാനുള്ള അവസരം കൂടിയാണ്. ഒരു ശാസ്ത്രജ്ഞന്റെയും സാഹിത്യകാരിയുടെയും മകളായി ജനിച്ച താന്‍ സംഗീതരംഗം തിരഞ്ഞെടുക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടിവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ‘കണ്ണോരം ചിങ്കാരം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടന്നത്. ‘ബനാറസ്’, ‘നീലത്താമര’ തുടങ്ങിയ മലയാള സിനിമകള്‍ക്കാണ് ശ്രേയ മുന്‍പ് പാടിയിട്ടുള്ളത്.

എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന 100-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘രതിനിര്‍വേദ’ത്തിനുണ്ട്. ചിത്രത്തിലെ താരനിര്‍ണയം ഉള്‍പ്പെടെ നടന്നുവരികയാണെന്ന് ടി.കെ. രാജീവ്കുമാര്‍ പറഞ്ഞു. നിര്‍മാതാവ് സുരേഷ്, ഗാനരചയിതാവ് മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.