സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ കോവാക്സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സീന് ഈ മാസം തുടക്കത്തിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി.
രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ പിടിമുറുക്കിയ ഡെൽറ്റ വകഭേദമാകാം കുറഞ്ഞ ഫലപ്രാപ്തിക്ക് കാരണമെന്നാണ് ഗേഷകർ പറയുന്നത്. ഡെൽറ്റ വകഭേദത്തിനെതിരെ ഒട്ടുമിക്ക വാക്സിനുകളുടെയും ഫലപ്രാപ്തി കുറവാണെന്ന് ഗവേഷകർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച രണ്ടാമത്തെ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചതിനു പിന്നാലെ കോവാക്സിന് യുകെ അംഗീകാരം നൽകിയിരുന്നു.
രണ്ടു ഡോസ് കോവാക്സിൻ സ്വീകരിച്ചവർക്കു യുകെയിലേക്കുള്ള യാത്രയ്ക്കു മുൻപു ഇനി പിസിആർ പരിശോധന വേണ്ട. യുകെയിൽ ക്വാറന്റീനും ആവശ്യമില്ല. കോവിഷീൽഡും യുകെയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല