ജെസവിന്റെ പ്രതിഭാ തിളക്കത്തെ ഇംഗ്ലീഷ് സമൂഹവും കയ്യടിച്ചു ആദരിച്ചപ്പോള്‍ അത് മലയാളി സമൂഹത്തിനും അഭിമാന നിമിഷമായി. ഇക്കഴിഞ്ഞ ജി.സി.എസ്.ഇ പരീക്ഷയില്‍ പ്രശസ്തമായ സെ. പീറ്റേഴ്സ് കാത്തലിക് സ്കൂളില്‍ നിന്നും തിളക്കമാര്‍ന്ന വിജയം കൈവരിച്ച ജെസ്വിന്‍ ജോസഫിന് ഗില്‍ഫോര്‍ഡിലെ ഇംഗ്ലീഷ് സമൂഹം പ്രത്യേകമായ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി ഗില്‍ഫോര്‍ഡിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയില്‍ അള്‍ത്താര ബാലനായി സേവനം ചെയ്യുന്ന ജെസ്വിന്‍ ജോസഫിന് റവ: ഫാ: ആരോണ്‍ സ്പിനെലിയാണ് സെന്റ് മേരീസ് ചര്ച്ചിന്റെയും ഇംഗ്ലീഷ് സമൂഹത്തിന്റെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്. വിശ്വാസികള്‍ തിങ്ങി നിറഞ്ഞ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടു അനുബന്ധിച്ച് ഇംഗ്ലീഷ് സമൂഹം മനം നിറഞ്ഞ് നല്‍കിയ സ്നേഹ സമ്മാനം തന്റെ ജീവിതത്തിലെ വലിയ ദൈവിക സമ്മാനമായി കരുതിയാണ് ജെസ്വിന്‍ ഏറ്റു വാങ്ങിയത്.
മൂന്ന് സയന്‍സ് വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ ജെസ്വിന് സെന്റ് പീറ്റേഴ്സ് സ്കൂളും എക്സലന്‍സ് ഇന്‍ സയന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. റിലീജിയസ് സ്റ്റഡീസിലും നൂറില്‍ നൂറു മാര്‍ക്കൊടു എ പ്ലസ് കരസ്ഥമാക്കിയ ജെസ്വിനെ സ്കൂളിന്റെ രക്ഷാധികാരി കൂടിയായ റവ:ഫാ: കോളിന്‍ വോല്‍സാക്ക് പ്രത്യേകം അനുമോദിച്ചു. ഹെഡ് ടീച്ചര്‍ റോബര്‍ട്ട് എല്‍ ഗിനി, ഡെപ്യൂട്ടി ഹെഡ് ടീച്ചര്‍ ക്രിസ് എഡ്മണ്ട്, എന്നിവരും ജെസ്വിനെ അഭിനന്ദിച്ചു.
തിരുവോണഘോഷങ്ങളോട് അനുബന്ധിച്ച് ഗില്‍ഫോര്‍ഡിലെ മലയാളി കമ്യൂണിറ്റിയുടെ ഉപഹാരവും ജെസ്വിന് ലഭിച്ചിരുന്നു. ഡോ: എല്‍സി ഡാമിയനാണു മലയാളി കമ്യൂണിറ്റിയുടെ പാരിതോഷികം നല്‍കിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്സ് എന്നീ വിഷയങ്ങള്‍ എടുത്ത് സെന്റ് പീറ്റേഴ്സ് സ്കൂളില്‍ തന്നെയാണ് ജെസ്വിന്‍ എ ലെവല്‍ പഠനത്തിനു ചേര്‍ന്നിരിക്കുന്നത്. പഠനത്തിനൊപ്പം പഠനേതര വിഷയങ്ങളിലും മികവ പുലര്‍ത്തുന്ന ജെസ്വിന്‍ ജനിച്ചു വളര്‍ന്നത് സൌദിയിലായിരുന്നു. 11 വയസുവരെ അവിടെയായിരുന്നു പഠനം. സൌദിയിലെ അസ്സീര്‍ ഇന്ത്യന്‍ അസോസിയേഷന്‍, സാരംഗ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് നടത്തിയ കലാമെലകളില്‍ ജൂനിയര്‍ കലാപ്രതിഭയായി തിരഞ്ഞെടുത്തിരുന്നു.
സൌദിയിലെ കമ്മീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ഡയരക്ട്ടരായിരുന്ന പിതാവ് സി.എ ജോസഫും, എം.ഓ എയ്ഞ്ചല്‍ സ്റ്റാഫ് നെഴ്സായിരുന്ന മാതാവ് അല്ഫോന്സായും കുട്ടികളുടെ വിദ്യാഭ്യാസം കൂടി ലക്ഷ്യമാക്കിയാണ് 2006 ല്‍ യുകെയില്‍ എത്തിയത്. അടുത്ത വര്‍ഷം മുതല്‍ ജെസ്വിന്‍ ഗില്‍ഫോര്‍ഡ് സെന്റ് പീറ്റേഴ്സ് സ്കൂളില്‍ പഠനം ആരംഭിച്ചു. ഗില്‍ഫോര്‍ഡിലെ ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ജെസ്വിന്‍ മതാപിതാക്കളുടെ പ്രോത്സാഹനത്തില്‍ സ്വന്തമായി മലയാളം പഠിച്ചു അനായാസം എഴുതുകയും വായിക്കുകയും ചെയ്യും.
മലയാളം കുര്ബ്ബനകളില്‍ ബൈബിള്‍ വായനയും നടത്താറുള്ള ജെസ്വിന്‍ കോട്ടയം ഗാന്ധി നഗര്‍ ചെരുപ്ലാക്കില്‍ സി.എ ജോസഫിന്റെയും അല്‍ഫോണ്സാമ്മയുടെയും ഇളയ മകനാണ്. ഏക സഹോദരന്‍ ജോയന്‍ ജോസഫ് വോക്കിംഗ് കോളേജില്‍ ബി.ടെക് വിദ്യാര്‍ഥിയാണ്. ദൈവാനുഗ്രഹവും മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനവും പ്രാര്‍ത്ഥനയുമാണ് തന്റെ വിജയത്തിന്റെയും നേട്ടങ്ങളുടെയും കാരണമെന്ന് ജെസ്വിന്‍ ജോസഫ് വിശ്വസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല